തിരുവനന്തപുരം: ഗവർണർ – സർക്കാർ പോരിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ നോക്കേണ്ടെന്നും സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും ആർഎസ്എസ് നേതാക്കൾ ഗവർണറുമായി ആശയവിനിമയം നടത്തുന്ന പതിവില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. രാജ്ഭവനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് അഴിമതിയെ മറയ്ക്കാൻ ശ്രമിക്കരുതെന്നും കെ. സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതിയെ കെ.സുരേന്ദ്രൻ തള്ളിപ്പറഞ്ഞു. കൂടംകുളം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ തന്നെയാണോ വിഴിഞ്ഞം പ്രക്ഷോഭത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്നും വികസനത്തെ അട്ടിമറിക്കുന്ന നീക്കത്തിൽ നിന്ന് സമരക്കാർ പിന്മാറണമെന്നും സമരത്തിന് പിന്നിൽ ആരെല്ലാം എന്ന് കാത്തിരുന്നു കാണാമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചർച്ച നടത്തണമെന്ന് തിരുവനന്തപുരം എംപി ശശി തരൂർ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി കൂടുതൽ പണം ആവശ്യപ്പെടണം. വിഴിഞ്ഞം സമരത്തിൻ്റെ പേരിൽ രാഷ്ട്രീയം കളിക്കാനില്ലെന്നും ഇത് ജീവിതത്തിൻ്റെ പ്രശ്നമാണെന്നും തരൂർ ചൂണ്ടിക്കാട്ടി. ഇക്കാര്യം താൻ മുഖ്യമന്ത്രിയെ കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്.
കടൽക്ഷോഭത്തിൽ വീട് നഷ്ടമായവർക്ക് തീരത്തിൻ്റെ അടുത്ത് തന്നെ പുനരധിവാസം ഒരുക്കണം. മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചർച്ച നടത്തണം. വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കേണ്ടതില്ല. 25 വർഷം കഷ്ടപ്പെട്ട് കൊണ്ടുവന്ന പദ്ധതിയാണ് വിഴിഞ്ഞം. മത്സ്യ തൊഴിലാളികളുടെ പ്രശനങ്ങൾ പരിശോധിച്ച് പരിഹരിച്ച് കൊണ്ടു തന്നെ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടു പോകണം. തീരം നഷ്ടപ്പെടുന്നത് തുറമുഖം കൊണ്ടാണെന്ന് പറയുന്നത് ശരിയല്ലെന്നും തരൂർ പറഞ്ഞു.