സംസ്ഥാനത്തെ വിവാദമായ കേസുകളില്‍ തെളിവുകള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്: രമേശ് ചെന്നിത്തല
സെക്രട്ടേറിയറ്റില്‍ പ്രോട്ടോക്കോള്‍ ഓഫീസിലെ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെന്ന ഫോറിന്‍സിക് റിപ്പോര്‍ട്ട് വന്നതോടെ വലിയ അട്ടിമറി ശ്രമങ്ങളാണ് പിന്നാമ്പുറത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തീ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന ഫോറിന്‍സിക് ഫിസിക്‌സ് ലാബിന്റെ റിപ്പോര്‍ട്ട് ഒക്ടോബര്‍ ആറിനാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചത്.
തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണെന്ന സര്‍ക്കാര്‍ വാദമാണ് അതോടെ പൊളിഞ്ഞത്. ചുമരിലെ ഫാനില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി അത് ഉരുകി താഴെ വീണ് തീപിടിച്ചു എന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിച്ചിരുന്നത്. ആദ്യം അന്വേഷിച്ച പൊതുമരാമത്ത് കെട്ടിട വിഭാഗവും, ദുരന്ത നിവാരണ കമ്മീഷണര്‍ എ.കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയും സര്‍ക്കാര്‍ വാദത്തിനനുസരിച്ച് റിപ്പോര്‍ട്ടാണ് തട്ടിക്കൂട്ടി നല്‍കിയത്.
എന്നാല്‍ ഫോറിന്‍സിക് ഫിസിക്‌സ് വിഭാഗം ശാസ്ത്രീയമായി നടത്തിയ പരിശോധനയിലാണ് ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് കണ്ടെത്തിയത്. കോടതിയില്‍ സമര്‍പ്പിച്ച് ഈ റിപ്പോര്‍ട്ടിന് evidence value വും നിയമ പരിരക്ഷയും ഉണ്ട്. ഇന്ത്യന്‍ തെളിവ് നിയമം 45 പ്രകാരം ഫോറിന്‍സിക് റിപ്പോര്‍ട്ട് ആധികാരിക രേഖയായി പിരഗണിക്കും.
ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെങ്കില്‍ ആര് തീവച്ചു എന്ന സ്വാഭാവിക ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ഒരാള്‍ കോവിഡ് പോസിറ്റീവ് ആയതു കാരണം അടച്ചിട്ടിരുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ഫയലുകള്‍ ഇരുന്ന ഭാഗം മാത്രം എങ്ങനെ കത്തി എന്നത് സംശയമുയര്‍ത്തിയിരുന്നു. അത് ശരി വയ്ക്കുന്നതാണ് ഫോറിന്‍സിക് റിപ്പോര്‍ട്ട്. മാത്രമല്ല ഫോറിന്‍സിക് പരിശോധനയില്‍ ഫയലുകള്‍ കത്തി എങ്കിലും തൊട്ടടുത്തിരുന്ന സാനിടൈസര്‍ പോലും കത്തിയില്ല എന്ന് കണ്ടെത്തിയിരുന്നു. സെലക്ടഡ് ആയ തീപിടിത്തം എങ്ങനെ ഉണ്ടായി?
ഇനി കെമിസ്ട്രി വിഭാഗത്തിന്റെ റിപ്പോര്‍ട്ടാണ് വരാനുള്ളത്. തീപിടിക്കുന്നതിന് പെട്രോളോ മറ്റെന്തെങ്കിലുമോ കാരണമായോ എന്നാണ് അവര്‍ പരിശോധിക്കുന്നത്.
ഇതോടെ പരിഭ്രാന്തിയിലായ സര്‍ക്കാര്‍ അട്ടിമറി ശ്രമം ആരംഭിച്ചിരിക്കുകയാണ് എന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്.
കോടതിയില്‍ റിപ്പോര്‍ട്ട് എത്തിയതിന്റെ പിറ്റേന്ന് ഒരു ഐ.ജിയുടെ മുറിയില്‍ ഫോറിന്‍സിക് ലാബിലെ ഉന്നത ഉദ്യോഗസ്ഥരോട് ഹാജരാവാന്‍ ആവശ്യപ്പെട്ടു. അസാധാരണ നടപടിയാണിത്. എന്നാല്‍ ഡയറക്ടര്‍ പോയില്ല. പകരം ജോയിന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, ഒരു സയന്റിഫിക് ഓഫീസര്‍ എന്നിവര്‍ ഐ.ജിയുടെ മുറിയിലെത്തി.
ഈ മൂന്ന് ഉദ്യോഗസ്ഥരെയും ഐ.ജി കണക്കറ്റ് ശകാരിച്ചു എന്നാണ് എനിക്ക് കിട്ടിയിട്ടുള്ള വിവരം. ആരാണ് നിങ്ങളെയൊക്കെ ഫോറിന്‍സിക് പരിശോധന നടത്താന്‍ പഠിപ്പിച്ചത് എന്നൊക്കെ ചോദിച്ചായിരുന്നു ശകാരം.
തുടര്‍ന്ന് ഇത് സംബന്ധിച്ച ഫയല്‍ ഐ.ജി അവിടെ പിടിച്ചു വയ്ക്കുകയും ചെയ്തു.
കെമിസ്ര്ടി വിഭാഗത്തില്‍ നിന്നും ഇത് പോലെ നെഗറ്റീവ് റിസല്‍ട്ടാണ് വരുന്നതെങ്കില്‍ പെന്റിംഗില്‍ വയ്ക്കണമെന്ന് ഐ.ജി നിര്‍ദ്ദേശിച്ചു എന്നാണ് എനിക്ക് കിട്ടിയിട്ടുള്ള വിവരം. അത് ഗൗരവമേറിയതാണ്.
തെളിവുകള്‍ അട്ടിമറിക്കുന്നതിനുള്ള വലിയ തോതിലുള്ള ശ്രമമാണ് ഇവിടെ നടന്നത്. ഫോറിന്‍സിക് ലാബിന്റെ പ്രവര്‍ത്തനത്തില്‍ ഇത്രയും കാലം ഒരു വിധ ഇടപെടലും കേരളത്തിലെ ഒരു സര്‍ക്കാരുകളും നടത്തിയിട്ടില്ല. നീതിന്യായ വ്യവസ്ഥിയുടെ പവിത്രതയും നിക്ഷ്പക്ഷതയും കാത്തു സൂക്ഷിക്കുന്നതിനാണത്.
അതിനെയും അട്ടിമറിക്കുന്നതിനുള്ള നഗ്നമായ ശ്രമമാണ് ഇവിടെ നടന്നത്. ഇത് വച്ചു പൊറുപ്പിക്കാന്‍ കഴിയില്ല.
ഫോറിന്‍സിക് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താന്‍ ഈ ഐ.ജിക്ക് ആരാണ് അധികാരം നല്‍കിയത്? ഏത് നിയമമനുസരിച്ചാണ് അദ്ദേഹമത് ചെയ്തത്?
തെളിവുകള്‍ അട്ടിമറിക്കാനും കൃത്രിമ റിപ്പോര്‍ട്ടുണ്ടാക്കാനുമാണ് ഈ പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഈ സംഭവത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണം. സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥ നിലനിര്‍ത്താന്‍ അത് അത്യാവശ്യമാണ്.
ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാണ്. തീപിടിത്തമുണ്ടയപ്പോള്‍ തന്നെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണെന്ന് പ്രഖ്യാപനം വന്നു. അവിടെ ത്തെിയ വാര്‍ത്താ ലേഖകരെ സെക്രട്ടേറിയേറ്റിന് പുറത്തേക്ക് അടിച്ചിറക്കി. അതിന് പതിവില്ലാതെ ചീഫ് സെക്രട്ടറി നേരിട്ടെത്തി. ജനപ്രതിനിധികളെ അകത്തേയ്ക്ക് കടത്തി വിട്ടില്ല. പിന്നീട് സര്‍ക്കാര്‍ പ്രചരിപ്പിച്ചതു പോലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വന്നു. പക്ഷേ ശാസ്ത്രീയ പരിശോധനയില്‍ അങ്ങനെയല്ലെന്ന് കണ്ടെത്തി ഫോറിന്‍സിക് ഫലം വന്നു. അപ്പോഴേക്കും അത് കണ്ടെത്തിയതിന് ഫോറിന്‍സിക് ഉദ്യോഗസ്ഥരെ വിളിച്ച് ഫയര്‍ ചെയ്യുന്നു. ഫയലുകള്‍ പിടിച്ചു വയ്ക്കുന്നു. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്? ഇതില്‍ വ്യക്തമായി തെളിഞ്ഞു കാണുന്നത് സര്‍ക്കാര്‍ തലത്തിലെ ഗൂഢാലോചനയാണ്.
—–
ഫോറിന്‍സിക് വകുപ്പിന്റെ ഡയറക്ടര്‍ തസ്തികയില്‍ സയന്റിസ്റ്റുകളെ മാറ്റി പകരം അഡീഷണല്‍ ഡി.ജി.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ വയ്ക്കണമെന്ന ശുപാര്‍ശ ഇവിടെ നടക്കുന്ന അട്ടിമറി നീക്കങ്ങളോട് ചേര്‍ത്തു വായിക്കേണ്ടതാണ്. ഇത് ഫോറിന്‍സിക് പരിശോധന അട്ടിമറിക്കുന്നതിന് ലക്ഷ്യം വച്ചുള്ളതാണ്. ഇപ്പോള്‍ ഫോറിന്‍സിക് സയന്‍സ് പഠച്ചിട്ടുള്ള സയന്റിസ്റ്റുകളാണ് പ്രമോഷന്‍ വഴി ഡയറക്ടറാവുന്നത്. അത് മാറ്റി പൊലീസ് ഓഫീസര്‍മാര്‍ ഡറക്ടര്‍മാരാവുന്നതോടെ ഫോറിന്‍സിക് വകുപ്പിന്റെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടും. സര്‍ക്കാരിന്റെ താത്പര്യമനുസരിച്ച് തെളിവുകള്‍ അട്ടിമറിക്കുന്നതിനാണിത്. ഇത് ആപത്താണ്. തത്ക്കാല ലാഭത്തിനായി ഇടതു സര്‍ക്കാര്‍ ചെയ്യുന്ന ഈ ദ്രോഹം കേരളത്തിനും സമൂഹത്തിനും വലിയ ദോഷം ചെയ്യും. ഈ അട്ടിമറിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം എന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്.
——–
മറ്റൊരു കാര്യം ഫോറിന്‍സിക് ഡയറക്ടര്‍ വോളന്ററി റിട്ടയര്‍മെന്റിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. 2021 ജനുവരി വരെ സര്‍വ്വീസുള്ള ഡയറക്ടര്‍ എന്തു കൊണ്ടാണ് വോളന്ററി റിട്ടയര്‍മെന്റിന് പോകുന്നത്. എന്താണ് ഇതിന് പിന്നിലെ കാര്യം. ആരെങ്കിലും അവരെ സമ്മര്‍ദ്ദത്തിലാക്കിയോ? സര്‍ക്കാര്‍ ഇത് വ്യക്തമാക്കണം.
——-
കെമിക്കല്‍ അനാലിറ്റിക് ലാബില്‍ മറ്റൊരു അട്ടിമറി ശ്രമം നടക്കുന്നുണ്ട്. 30 ടെക്കിനിക്കല്‍ അസിസ്റ്റന്റുമാരെ ദിവസക്കൂലിക്ക് നിയമിച്ചിരിക്കുകയാണ്. ഇവരാണ് ഇപ്പോള്‍ സാമ്പിളുകള്‍ പരിശോധിക്കുന്നത്. ഉത്തരവാദിത്തവും പരിചയ സമ്പത്തുമില്ലാത്ത ഇവര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ എങ്ങനെയാവുമെന്ന് സംശയമാണ്. ദിവസക്കൂലിക്ക് ആളെ വച്ച് ഫോറിന്‍സിക് പരിശോധന നടത്തുന്നത് കേട്ട് കേഴ് വി ഇല്ലാത്ത കാര്യമാണ്. രണ്ടു മാസത്തിനുള്ളില്‍ ഇവര്‍ 3848 കേസുകളില്‍ 10,044 തൊണ്ടി മുതലുകളുടെ രാസ പരിശോധന പൂര്‍ത്തിയാക്കിയെന്നാണ് പറയുന്നത്. ഈ കേസുകളുടെ അവസ്ഥ എന്താവും എന്ന് പറയാന്‍ വയ്യ. ഇത് അപകടകരമാണ്.
ഇവര്‍ക്ക് ഇപ്പോള്‍ ആറു മാസം കൂടി എക്‌സറ്റന്‍ഷന്‍ നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. പെന്‍ഡിംഗ് കേസുകള്‍ തീര്‍ക്കുക എന്ന ന്യായത്തിന്റെ മറവില്‍ നിക്ഷിപ്ത താത്പര്യങ്ങളുടെ സംരക്ഷണമാണ് നടക്കുന്നത്.
———-
വിജിലന്‍സിനെ ഉപയോഗിച്ച് സി.ബി.ഐയെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ലൈഫ് കേസിലെ ഫയലുകള്‍ സി.ബി.ഐയ്ക്ക് കൊടുക്കാതെ മറച്ചു വച്ചിരിക്കുന്നത് സി.ബി.ഐയെ ഉപയോഗിച്ചാണ്. സി.ബി.ഐ വരുന്നു എന്നു കണ്ടപ്പോഴാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. സി.ബി.ഐയ്ക്ക് ഫയല്‍ പരിശോധിക്കാനുള്ള സാവകാശം നല്‍കാതെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് രാത്രിയ്ക്ക് രാത്രി ഫയലുകള്‍ സെക്രട്ടേറ്റില്‍ നിന്ന് കടത്തി. ലൈഫിലെ അഴിമതിയും കള്ളക്കളികളും പുറത്തു വരാതിരിക്കാന്‍ വേണ്ടിയാണ് ഇത്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്നുള്ളതിനാലാണ് സര്‍ക്കാര്‍ വനിറളി പിടിച്ച് കോടതിയെ സമീപിച്ചത്. അത് പോലെ ീ കേസുകളെല്ലാം അട്ടിമറിക്കാനുള്ള വ്യാപകമായ ശ്രമമാണ് മുഖ്യമന്ത്രിയുടെ നേരിട്ട് ഇടപെട്ട് സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ച് ചെയ്തു കൊണ്ടിരിക്കുന്നത്.
കരാര്‍, അനധികൃത നിയമനങ്ങള്‍
————–
സംസ്ഥാനത്തെ അനധികൃത പിന്‍വാതില്‍ കരാര്‍ നിയമനങ്ങളെക്കുറിച്ച് ഞാന്‍ മുഖ്യമന്ത്രിക്കെഴുതിയ കത്തിന്റെ മറുപടിയായി 2020-21 വര്‍ഷത്തില്‍ 11,674 താല്‍ക്കാലിക ജീവനക്കാര്‍ മാത്രമേ ഉള്ളൂ എന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. എന്നാല്‍ ധനകാര്യ വകുപ്പില്‍ നിന്ന് എനിക്ക് ലഭിച്ച വിവരാവകാശ നിയമ പ്രകാരം 2020 ജനുവരി യില്‍ സര്‍ക്കാരില്‍ നിന്ന് സ്പാര്‍ക്ക് വഴി ശമ്പളം പറ്റിയ താല്‍ക്കാലിക- കരാര്‍- ദിവസ വേതനക്കാരുടെ എണ്ണം ഒരു ലക്ഷത്തി പതിനേഴായിരത്തി ഇരുന്നൂറ്റി അറുപത്തിയേഴ് ( 1,17267 )ആണ് എന്ന് വ്യക്തമാക്കിയിരുന്നു.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്ത് ശമ്പളം വാങ്ങിക്കുന്ന കരാര്‍ – താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം മാത്രമാണ് ഇത്. പൊതുമേഖലാ- അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ , സി ഡി റ്റ്, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, തുടങ്ങിയ സ്ഥാപനങ്ങളിലെ അനധികൃത -കരാര്‍ – പിന്‍വാതില്‍ നിയമനങ്ങളൊന്നും ഈ പട്ടികയില്‍ പെടാത്തവയാണ്.
കഴിഞ്ഞ നാലര വര്‍ഷമായി സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം അനധികൃത നിയമനങ്ങളാണ് കണ്‍ള്‍ട്ടന്‍സി വഴിയും, കരാര്‍ ജീവനക്കാരുമൊക്കെയായി നടന്നത്. ഇവിടെയാണ് പി എസ് സി റാങ്ക് ലിസ്റ്റില്‍ പെട്ട പാവപ്പെട്ട ചെറുപ്പക്കാരെ കബളിപ്പിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി വീണ്ടും ഞാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്നുണ്ട്.
ശബരി മല
———–
ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ടും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുകൊണ്ടും ശബരിമല തീര്‍ത്ഥാടനത്തിനം കൂടുതല്‍ ലളിതമാക്കണം. വലിയ തോതിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകുന്നത് കൊണ്ട് അയ്യപ്പ ഭക്തര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ പരിശോധിക്കണം. 144 അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഇവിടെ ബാധമാക്കാന്‍ പാടില്ല. അഞ്ച് പേരില്‍ കൂടുതലുള്ള ആളുകളുമായിരിക്കും വരുന്നത്. ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം.
മുഖ്യമന്ത്രിക്ക് മറവി രോഗം
———–
കഴിഞ്ഞ കാലത്ത് മാണി സാറിനെ ഏറ്റവുമധികം അപമാനിച്ച ഒരു മുന്നണിയും പാര്‍ട്ടിയുമാണ് ഇന്ന് അധികാരത്തിലിരിക്കുന്നത്. മാണി സാറിനെതിരെ നടത്തിയ സമരങ്ങളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഏറ്റവും കൂടുതല്‍ ഉയര്‍ത്തിപ്പിടിച്ചത് ബാര്‍ കോഴക്കേസായിരുന്നു. എന്നാല്‍ അതിനെ പറ്റി ഒരക്ഷരം ഇപ്പോള്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ പറയുന്നില്ലല്ലോ. അത് ചോദിക്കുമ്പോള്‍ മറവി രോഗം വന്നിരിക്കുന്ന പോലാണ് മുഖ്യമന്ത്രിക്ക്. പഴയ കാര്യങ്ങളൊക്കെ മറന്ന് പോകുന്ന അള്‍ഷിമേഴ്സാണ് മുഖ്യമന്ത്രിക്ക് . അത് ഓര്‍മിപ്പിക്കാന്‍ ഇനി ഏത് മോതിരമാണ് കൊണ്ടുവരേണ്ടത്.
യു ഡി എഫ് ഏത് രീതിയിലാണ് മാണി സാറിനെ ദ്രോഹിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ കുറ്റ വിമുക്തനാക്കിയത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്. കെ എം മാണി നിരപരാധിയെന്ന് തെളിഞ്ഞതും യു ഡി എഫ് കാലത്താണ്. യു ഡി എഫ് കാലത്ത് വന്ന റിപ്പോര്‍ട്ടിന് അപ്പുറത്തേക്ക് കഴിഞ്ഞ നാലര വര്‍ഷമായി ഒരു നടപടിയും സ്വീകരിക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞില്ലല്ലോ. മാണി സാറിന് എന്തു ദ്രോഹമാമ് യു.ഡി.എഫ് ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ബഡ്ജറ്റവതരിപ്പിക്കാന്‍ മാണി സാറിന് നെഞ്ച് കൊടുത്ത് സൗകര്യം ഒരുക്കിയത് യു ഡി എഫാണ്. യു ഡി എഫാണ് അദ്ദേഹത്തെ സംരക്ഷിച്ചത്. ജനങ്ങളുടെ ഓര്‍മശക്തി ചുരുങ്ങിയകാലത്തേക്കുള്ളതല്ലന്ന് മുഖ്യമന്ത്രി മറന്ന് പോകരുത്. അദ്ദേഹത്തെ ദ്രോഹിച്ചത് മുഴുവന്‍ ഇടതുമുന്നണിയാണ്. കോടതിയില്‍ അന്ന് കെ എം മാണിക്കെതിരെ വിജിലന്‍സ് കേസ് കൊടുത്തത് ഇപ്പോഴത്തെ കൃഷി മന്ത്രി സുനില്‍കുമാറാണ്. അതിപ്പോള്‍ ആരും പറയുന്നില്ല. മാണി സാറിനെ അപമാനിക്കുകയും ക്രൂശിലേറ്റുകയും ചെയ്തവര്‍ക്ക് ഇന്നതിന്റെ പശ്ചാത്താപം പോലുമില്ല.
മാണി സര്‍ ഒരിക്കലും യുഡി എഫ് വി്ട്ടുപോകാന്‍ ആഗ്രഹിച്ചിരുന്നില്ല. ആരുടെയെങ്കിലും പടിവാതിക്കല്‍ പോയി നിന്ന് ഭിക്ഷ യാചിക്കേണ്ട അവസരമുണ്ടായില്ല. വെേളര മാന്യമായിട്ടാണ് കഴിഞ്ഞ 38 വര്‍ഷമായി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ബന്ധം യു ഡി എഫ് നിലനിര്‍ത്തിയത്.
ഒരു മുന്നണിയില്‍ നില്‍ക്കുമ്പോള്‍ ആ മുന്നണിക്കകത്ത് അച്ചടക്കമുണ്ടാകണം. മുന്നണി നേതൃത്വം പറയുന്നത് കേള്‍ക്കാന്‍ തയ്യറാകണം. മുന്നണിയുടെ മാന്യതയും അന്തസും കാത്ത്സൂക്ഷിക്കണം. അച്ചടക്കവും ഐക്യവുമുണ്ടാകണം. അതിന്റെ ഭാഗമായാണ് ജോസ് വിഭാഗത്തെ യു.ഡി.എഫല്‍ നിന്ന് അന്ന് മാറ്റി നിര്‍ത്തിയത്.
ജോസ് വിഭാഗം പോയത് കൊണ്ട് യുഡി ഫിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.
ജോസ് വിഭാഗം എത്തിയതോടെ ഓക്‌സിജന്‍ കിട്ടിയെന്ന തോന്നലാണ് മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കുന്നത്. ഊര്‍ധ ശ്വാസം വലിക്കുന്ന മുന്നണിക്ക് അല്പം ഓക്സിജന്‍ കൊടുത്താല്‍ രക്ഷപെടും എന്ന് ധാരണയാണുള്ളത്. അത് തെറ്റാണെന്ന് കേരളത്തില്‍ ജനങ്ങള്‍ ബോധ്യപ്പെടുത്തും. കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ ജനങ്ങള്‍ ഒരു കാരണവശാലും ജോസ് കെ മാണിയുടെ തിരുമാനത്തോട് യോജിക്കില്ല. കേരള കോണ്‍ഗ്രസിനെ പിന്തുണക്കുന്ന ജനവിഭാഗങ്ങള്‍ പൂര്‍ണ്ണമായും യു ഡി എഫിനൊപ്പം ഉറച്ച് നില്‍ക്കും. അഴിമതി വിരുദ്ധ പോരാട്ടമെന്ന പേരില്‍ ഇടതു മുന്നണി ഇത്രയും കാലം കാട്ടിക്കൂട്ടിയതൊക്കെ കഥയില്ലാത്തതായിരുന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. അത് ഇടതു വിശ്വാസികളായ ജനങ്ങളില്‍ വലയ തോതില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. അത് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
ജനങ്ങളോട് ഇതു വിശദീകരിക്കാന്‍ ഇടതു മുന്നണിക്ക് കഴിയുന്നില്ല. ചോദ്യത്തിന് മറുപടി പറയാനും അവര്‍ക്ക് കഴിയുന്നില്ല.ഇക്കാര്യത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിധത്തിലുള്ള മറുപടി ഇടതുമുണിക്കില്ല. ഇടതു രാഷ്ടീയത്തിന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയാത്ത വിധത്തിലുള്ള അപചയം സംഭവിച്ചിരിക്കുന്നു.
രാഹുല്‍ ഗാന്ധിക്ക് അനുമതി നല്‍കാതിരുന്നത്
———
രാഹുല്‍ ഗാന്ധിക്ക് തന്റെ മണ്ഡലമായ വയനാട്ടിലെ സ്‌കൂളുമായി ബന്ധപ്പെട്ട പരിപാടിക്ക് അനുമതി നല്‍കാതിരുന്നത് വളരെ ദൗര്‍ഭാഗ്യകരമായി പോയി. രാഹുല്‍ ഗാന്ധി അവിടുത്തെ എം പിയാണ്. അദ്ദേഹത്തെ ആ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതും, അതിന് അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചതുമാണ്. അത് മുടക്കിയ സര്‍ക്കാര്‍ നിലപാട് വളരെ വിലകുറഞ്ഞതായി പോയി. ഒരു എം പിക്ക് കേന്ദ്ര സര്‍ക്കാരുമായോ കേരള സര്‍ക്കാരുമായോ ബന്ധ്പ്പെട്ട് പരിപാടിക്ക് ക്ഷണിച്ചാല്‍ അതില്‍ പങ്കെടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നത് എവിടുത്തെ നിയമമാണ്.