ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും ഇപ്പോഴത്തെ സംയുക്ത തലസ്ഥാന നഗരമായ ഹൈദരാബാദ് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നാണ്. ചരിത്രപരവും സാംസ്കാരികവും കലാപരവുമായ പാരമ്പര്യത്താൽ വളരെ ശ്രദ്ധേയമായ ഈ നഗരം ‘നൈസാമുകളുടെ നഗരം’ എന്നും അറിയപ്പെടുന്നു.
നല്ലൊരു ടൂറിസ്റ്റു കേന്ദ്രം കൂടിയായ ഹൈദരാബാദിലേക്ക് റോഡ് മാർഗ്ഗവും ട്രെയിൻ മാർഗ്ഗവും അതോടൊപ്പം തന്നെ വിമാന മാർഗ്ഗവും എത്തിച്ചേരാം. വിമാനമാര്‍ഗം പോകുന്നവര്‍ക്ക് ഹൈദരാബാദ് എയര്‍പോര്‍ട്ട് നല്ലൊരു കാഴ്ചയായിരിക്കും സമ്മാനിക്കുക. ഇന്ത്യയിലെ തന്നെ മികച്ചതും മനോഹരവുമായ എയർപോർട്ടുകളിൽ ഒന്നാണ് ഹൈദരാബാദിലെ രാജിവ്ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. നഗരത്തിൽ നിന്നും ഏകദേശം 30 കിലോമീറ്റർ ദൂരത്തായാണ് എയർപോർട്ട് ചെയ്യുന്നത്.
ഹൈദരാബാദിൽ പോയാൽ കാണുവാൻ എന്തൊക്കെയുണ്ടെന്ന് നമുക്ക് നോക്കാം
1. ചാർമിനാർ : പേര് പോലെ തന്നെ നാല് മിനാരങ്ങളോട് കൂടിയ കെട്ടിടമാണ് ചാർമിനാർ. ചാർമിനാറിലെ 4 മിനാരങ്ങൾ പ്രതിനിധാനം ചെയ്യുന്നത് ഇസ്ലാമിലെ 4 ഖലീഫകളെയാണ്. ഗ്രാനൈറ്റ്, ചുണ്ണാമ്പുകല്ല്, കരിങ്കല്ല് എന്നിവകൊണ്ടാണ് ചാർമിനാർ നിർമ്മിച്ചിരിക്കുന്നത്. വളരെ തിരക്കേറിയ ഹൈദരാബാദ് നഗരത്തിനു നടുവിൽ നിലകൊള്ളുന്ന ചാര്‍മിനാറിനു രാത്രിയും പകലും വ്യത്യസ്തങ്ങളായ ഭംഗിയാണുള്ളത്.
2. ഹുസ്സൈൻ സാഗർ തടാകം : ഹൈദരബാദ് നഗരമധ്യത്തിൽ 1562-ൽ ഇബ്രാഹിം ഖിലി കുത്തബ് ഷായുടെ ഭരണസമയത്ത് ഹസ്രത്ത് ഹുസ്സൈൻ ഷാ വാലി പണി തീർത്ത മനുഷ്യനിർമ്മിത തടാകമാണ് ഹുസ്സൈൻ സാഗർ. ഈ കൃത്രിമ തടാകം നഗരത്തിലെ ജലക്ഷാമം പരിഹരിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ്. തടാകത്തിന്റെ ഒരു കരയിൽ ഹൈദരാബാദും മറുകരയിൽ സെക്കന്തരാബാദും സ്ഥിതിചെയ്യുന്നു. ഈ തടാകത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത ബുദ്ധ പ്രതിമയാണ് ഇവിടത്തെ പ്രധാന ആകർഷണം. 1992 ഏപ്രിൽ 12-ന് ആയിരുന്നു 18 മീറ്റർ ഉയരമുള്ള മനോഹരമായ ഈ പ്രതിമ സ്ഥാപിച്ചത്.ബോട്ടിംഗ് ഉൾപ്പെടെയുള്ള സൗകര്യം ഇവിടെയുണ്ട്. ഇവിടെ നിന്നുള്ള രാത്രിക്കാഴ്ച വളരെ മനോഹരമാണ്.
3. റാമോജി ഫിലിം സിറ്റി : ഇന്ന് ഹൈദരാബാദിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റു കേന്ദ്രമാണ് റാമോജി ഫിലിം സിറ്റി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ റാമോജി ഫിലിം സിറ്റി, ഏകദേശം 2000 ഏക്കർ സ്ഥലത്തായാണ് പരന്നു കിടക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ‘ഉദയനാണ് താരം’ എന്ന സിനിമ പുറത്തിറങ്ങിയതോടെയാണ് രാമോജി ഫിലിം സിറ്റിയെക്കുറിച്ച് മലയാളികള്‍ കൂടുതല്‍ കേട്ടറിഞ്ഞത്. ഇന്ന് പലരും ഹൈദരാബാദ് സന്ദർശിക്കുന്നത് ഫിലിംസിറ്റി കാണുക എന്ന മോഹത്തോടെയാണ്. ആയിരക്കണക്കിന് ആളുകളാണ് ഓരോ ദിവസം ഫിലിംസിറ്റി സന്ദർശിക്കാൻ മാത്രം ഹൈദരാബാദ് നഗരത്തിൽ എത്തുന്നത്
ഒരു നിമിഷം നാം എവിടെയാണ് നിൽക്കുന്നത് എന്നുപോലും ചിന്തിച്ചു പോകുന്ന തരത്തിലുള്ളതാണ് രാമോജി ഫിലിംസിറ്റിയിലെ കാഴ്ചകൾ. വിദേശരാജ്യങ്ങളെ അനുസ്മരിപ്പിക്കുന്ന തെരുവീഥികൾ, രാജ കൊട്ടാരങ്ങൾ, ട്രെയിൻ, റെയിൽവേ സ്റ്റേഷൻ, നാഷണൽ ഹൈവേ, സിനിമകളിലെ പാട്ടുസീനുകൾക്ക് അനുയോജ്യമായ മനോഹരമായ ഉദ്യാനങ്ങൾ അങ്ങനെ നീളുന്നു ഈ കിടിലൻ സിനിമാലോകത്തെ കാഴ്ചകൾ. ബാഹുബലി സിനിമയ്ക്കായി ഒരുക്കിയ സെറ്റ് ഇപ്പോഴും സന്ദർശകർക്കായി അവിടെ നിലനിർത്തിയിട്ടുണ്ട്. ഹൈദരാബാദില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലമാണ് രാമോജി ഫിലിം സിറ്റി.
4. ഗോല്‍ക്കൊണ്ട കോട്ട : മധ്യകാല രാജവംശമായിരുന്ന കുതുബ്ശാഹി സുൽത്താന്മാരുടെ കേന്ദ്രമായിരുന്നു ഗോൽക്കൊണ്ട കോട്ട. 120 മീറ്റർ (390 അടി) ഉയരമുള്ള ഒരു ഗ്രാനൈറ്റ് കുന്നിലാണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്. ഏഴു കിലോമീറ്റർ ചുറ്റളവിൽ തീർത്തിരിക്കുന്ന മനോഹരമായ ഈ കോട്ട സഞ്ചാരികൾ കാണേണ്ട ഒരു സംഭവം തന്നെയാണ്. കോട്ടയുടെ അകത്തളങ്ങള്‍, രാജാവിന്റെ മുറികള്‍, പൂന്തോട്ടങ്ങള്‍, ശവകുടീരങ്ങൾ അങ്ങനെ എല്ലാം നമ്മളെ അതിശയിപ്പിക്കും എന്നുറപ്പാണ്.
5. ഹോട്ടൽ പാരഡൈസും
ഹൈദരാബാദി ബിരിയാണിയും
ഹൈദരാബാദിനെ പ്രശസ്തിയിലെത്തിച്ച ഒരു വിഭവമാണ് ഹൈദരാബാദി സ്പെഷ്യൽ ബിരിയാണി. ഹൈദരാബാദ് സന്ദർശിക്കുന്ന ഒരാൾ പോലും മിസ്സ് ചെയ്യാത്ത ഒന്നാണ് ഹൈദരാബാദി ബിരിയാണിയുടെ രുചി. രുചി പരീക്ഷിച്ചവരുടെ അഭിപ്രായത്തിൽ നഗരത്തിൽ ഏറ്റവും നല്ല ഹൈദരാബാദി ബിരിയാണി ലഭിക്കുന്നത് സെക്കന്തരാബാദിലെ ഹോട്ടൽ പാരഡൈസിൽ ആണ്. 1953 മുതൽ ബിരിയാണി വിളമ്പുന്ന പൈതൃകവുമായാണ് ഇന്നും ഈ ഹോട്ടൽ ആളുകളുടെയിടയിൽ തലയുയർത്തി നിൽക്കുന്നത്. പാരഡൈസിനെ കൂടാതെ Café Bahar, Bawarchi, Shah Gouse, Shadab എന്നീ റെസ്റ്റോറന്റുകളും രുചികരമായ ഹൈദരാബാദി ബിരിയാണിയുടെ കാര്യത്തിൽ പ്രശസ്തമാണ്.
ഇവയൊക്കെ കൂടാതെ മക്കാ മസ്ജിദ്, സലാർജങ്ങ് മ്യൂസിയം, ലുമ്പിനി പാർക്ക്, നെഹ്രു സൂ പാർക്ക്, ഫലക്നൂമ കൊട്ടാരം, കുത്തബ് ഷാഹി ശവകുടീരം, പൈഗാ ശവകുടീരം, ബിർല മന്ദിർ, ചൊവ്മൊഹല്ല കൊട്ടാരം, ഒസ്മാൻ സാഗർ തടാകം, ഹിമായത്ത് സാഗർ തടാകം, ബിർല സയൻസ് മ്യൂസിയം അല്ലെങ്കിൽ ബിർള പ്ലാനട്ടോറിയം, ആന്ധ്രപ്രദേശ് സംസ്ഥാന പുരാവസ്തു മ്യൂസിയം, ആരോഗ്യ മ്യൂസിയം, നിസാമിന്റെ രജതജൂബിലി മ്യൂസിയം, ഹൈടെക് സിറ്റി, ശില്പ്പാരാമം തുടങ്ങിയ കാഴ്ചകൾ വേറെയുമുണ്ട് ഹൈദരാബാദ് എന്ന ചരിത്ര പ്രാധാന്യമുള്ള നഗരത്തിൽ. ഇവയെല്ലാം ശരിക്കു കണ്ടാസ്വദിക്കണമെങ്കിൽ ചുരുങ്ങിയത് നാലോ അഞ്ചോ ദിവസത്തെ ടൂർ പ്ലാൻ ചെയ്തിട്ടു പോകണമെന്നുകൂടി ഓർമ്മിപ്പിക്കുന്നു.