മുംബൈയിലെ ലോവര്‍ പരേലിലെ വീട്ടില്‍ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ രണ്ടുപേരുടെയും നില ഗുരുതരമാണ്. ലോവര്‍ പരേലിലെ മരിയന്‍ മാന്‍ഷനിലെ വസതിയിലാണ് അപകടമുണ്ടായത്. എ.സി പൊട്ടിത്തെറിച്ചതു മൂലം ചെറിയ തീപിടിത്തവുമുണ്ടായി. ലക്ഷ്മി, മകള്‍ മധു എന്നിവരാണ് മരിച്ചത്. ലക്ഷ്മിയുടെ ഭര്‍ത്താവ് തേജാഭായിയുടെയും മകന്‍ ദിനേശിന്റെയും നില ഗുരുതരമാണ്. ഇവര്‍ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് മധുവാണ് വീട്ടിലേക്ക് എ.സി വാങ്ങിയത്.
ഞായറാഴ്ച രാത്രി ഇവരുടെ താമസ സ്ഥലത്തു നിന്ന് വലിയ ശബ്ദത്തിലുള്ള പൊട്ടിത്തെറി കേട്ടതായി അയല്‍ക്കാര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് ആദ്യം കരുതിയത്. രാത്രി 12നും 2നുമിടയില്‍ ആളുകള്‍ ഉറങ്ങിക്കിടക്കുന്ന സമയത്താണ് തീപടര്‍ന്നത്. തുടര്‍ന്ന് പൊലീസിലും അഗ്നിശമന സേനയിലും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി അപകടത്തില്‍പെട്ടവരെ ആശുപത്രിയിലാക്കി. ഗുരുതരമായി പരിക്കേറ്റ മധുവിനെ സമീപത്തെ ബി.വൈ.എല്‍ നായര്‍ ആശുപത്രിയിലും മറ്റുള്ളവരെ കസ്തൂര്‍ബ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
പുതിയ എ.സി വാങ്ങിയ കാര്യവും അതോടനുബന്ധിച്ച് വയറിങ് പ്രശ്നങ്ങളുണ്ടായിരുന്നതായും ദിനേഷ് പറഞ്ഞിരുന്നതായി തേജാഭായിയുടെ അനന്തരവന്‍ സുരേഷ് പറഞ്ഞു. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ലക്ഷ്മിബെന്‍ അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതം മൂലമാണ് അവര്‍ മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ മധുവും ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ദിനേശിന് 25 മുതല്‍ 30 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്.