കൊച്ചി: രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ ‘ഫ്രീഡം ടു ട്രാവല്‍’ ഓഫറുമായി കൊച്ചി മെട്രോ. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഓഗസ്റ്റ് പതിനഞ്ചിന് ഫ്രീഡം ടു ട്രാവല്‍ ഓഫര്‍ ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. പതിനഞ്ചാം തീയതി കൊച്ചി മെട്രോയില്‍ വെറും പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആര്‍എല്‍ സ്വാതന്ത്ര്യ ദിന സമ്മാനമായി യാത്രക്കാര്‍ക്ക് നല്‍കുക. തിങ്കളാഴ്ച്ച രാവിലെ 6 മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും പത്ത് രൂപ നല്കിയാല് മതിയാകും. ക്യുആര്‍ ടിക്കറ്റുകള്‍ക്കും, കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.
അതേസമയം, യാത്രക്കാര്‍ക്കായി ഒട്ടേറെ ഇളവുകള്‍ കെ.എം.ആര്.എല്‍. നല്‍കുന്നുണ്ട്. 75 വയസ്സിന് മുകളിലുള്ളവര്‍ക്കും എന്‍.സി.സി., സ്കൗട്സ് ആന്‍ഡ് ഗൈഡ്സ്, പോലീസ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും 50 ശതമാനം ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ യാത്ര സൗജന്യമാണ്. ഈ വ്യക്തിയുടെ കൂടെ യാത്ര ചെയ്യുന്നയാള്‍ ടിക്കറ്റ് നിരക്കിന്റെ പകുതി നല്കിയാല് മതി. രാവിലെ ആറുമുതല്‍ എട്ടുവരെയും രാത്രി എട്ടു മുതല്‍ 11 വരെയും യാത്രക്കാര്‍ക്കായി 50 ശതമാനം ഇളവും നിലവിലുണ്ട്.
വിദ്യാര്‍ഥികള്‍ക്കായി 80 രൂപയുടെ ഡേ പാസ് പദ്ധതിയും ഒരുക്കിയിട്ടുണ്ട്. പ്രതിവാര, പ്രതിമാസ പാസുകളും കൊച്ചി മെട്രോ പുറത്തിറക്കിയിട്ടുണ്ട്. പ്രതിവാര പാസിന് 700 രൂപയും പ്രതിമാസ പാസിന് 2500 രൂപയുമാണ്. ഒരാഴ്ച ഏത് സ്റ്റേഷനില്‍നിന്നും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാമെന്നതാണ് പ്രതിവാര യാത്രാ പാസിന്റെ പ്രത്യേകത. പ്രതിമാസ ട്രിപ്പ് പാസില്‍ 30 ദിവസം പരിധിയില്ലാതെ യാത്ര ചെയ്യാനാകും.