NEWSWorld

തായ്‌വാന്‍ പ്രതിരോധമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍; സംശയമുന ചൈനയുടെ നേര്‍ക്ക്

തായ്പേയ് സിറ്റി: തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ വികസന വിഭാഗത്തിന്റെ ഉപമേധാവിയെ മരിച്ച നിലയില്‍ കണ്ടെത്തി. സൈന്യത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ചുങ് ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഉപമേധാവി ഔ യാങ് ലി ഹ്സിങ്ങിനെയാണ് ശനിയാഴ്ച രാവിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. തായ്വാന്റെ വിവിധ മിസൈല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഇക്കൊല്ലം ആദ്യമാണ് ഹ്സിങ് ചുമതലയേറ്റെടുത്തത്.

ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക ഭീഷണി നേരിടാന്‍ തായ്‌വാന്‍ തങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിന്റെ ഭാഗമായി സൈനിക ഉടമസ്ഥതയിലുള്ള നാഷണല്‍ ചുങ്-ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ നേതൃത്വത്തില്‍ മിസൈല്‍ ഗവേഷണവും ഉത്പാദനവും കൂട്ടുകയും അതിന്റെ നേതൃപരമായ പങ്ക് ഔ യാങിനെ ഏല്‍പ്പിക്കുകയുമായിരുന്നു.

Signature-ad

തെക്കന്‍ പ്രവിശ്യയായ പിങ്ടങ്ങില്‍ ബിസിനസ് ട്രിപ്പിന് എത്തിയ ഹ്സിങ്ങിന്റെ ദുരൂഹമരണം ചൈനയ്ക്കുനേരേ സംശയമുന ഉയര്‍ത്തിയിട്ടുണ്ട്. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ചൈന-തായ്വാന്‍ സംഘര്‍ഷം ഉച്ചസ്ഥായിയില്‍ എത്തിനില്‍ക്കുന്നതിനിടെയുള്ള ഹ്സിങ്ങിന്റെ മരണമാണ് ദുരൂഹത ഉയര്‍ത്തുന്നത്. മരണകാരണം അന്വേഷിക്കുന്നതായി തായ്‌വാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

 

 

Back to top button
error: