NEWS

സൈബർ ആക്രമണം; വിവാദങ്ങൾക്ക് ‘അവധി’ കൊടുത്ത് എറണാകുളം ജില്ലാ കലക്ടർ രേണുരാജ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കൊടുക്കാൻ വൈകിയതിന്റെ പേരിൽ കഴിഞ്ഞ ദിവസം ഏറെ പഴി കേട്ട ആളാണ് എറണാകുളം ജില്ലാ കളക്ടറായ ഡോക്ടർ രേണു രാജ്.ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യ കൂടിയാണ് അവർ.
ഇത് ആദ്യത്തെ സംഭവമെന്ന മട്ടിലായിരുന്നു പലരുടെയും ആക്രോശങ്ങൾ.ക്ലാസ്സ് തുടങ്ങി ഒന്നും രണ്ടും പീരിയഡ് കഴിഞ്ഞ് അവധി പ്രഖ്യാപിച്ച എത്രയോ സംഭവങ്ങൾ ഇതിന് മുൻപ് ഉണ്ടായിട്ടുണ്ട്.ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ച സംഭവങ്ങൾ…!
എറണാകുളം ജില്ലയിൽ ഇതേ വരെ വളരെ നന്നായി കാലാവസ്ഥ കെടുതിയടക്കമുള്ള കാര്യങ്ങൾ മാനേജ് ചെയ്ത് കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥയാണ് അവർ.അതിനിടെ സ്കൂൾ ലീവ് പ്രഖ്യാപിക്കുന്നതിൽ വന്ന കാല താമസം വലിയൊരു പിഴവായി തോന്നുന്നില്ല.മഴയ്ക്ക് ശമനമുണ്ടാകും എന്ന കാലാവസ്ഥ നിരീക്ഷണത്തെ മുൻനിർത്തിയാവാം ഒരുപക്ഷെ സ്കൂൾ അവധി പ്രഖ്യാപിക്കാൻ അവർ വൈകിയത്.
അവരും ഒരിക്കൽ വിദ്യാർത്ഥിനിയായിരുന്നു.ഇക്കണ്ട പ്രകൃതിക്ഷോഭങ്ങളോടും പട്ടിണിയോടുമൊക്കെ പടവെട്ടിതന്നെയാണ് ഇന്നവർ കലക്ടറുടെ കസേരയിൽ എത്തിയത്. കാലാവസ്ഥയോട് മാത്രമല്ല, ജീവിതത്തിന്റെ തന്നെ പ്രതികൂലാവസ്ഥയെ ഇത്രത്തോളം ആഴത്തിൽ അറിഞ്ഞ, അല്ലെങ്കിൽ അവരോളം അനുഭവസ്ഥയായ മറ്റൊരു ‘ വിദ്യാർത്ഥി’ ഇന്ന് കേരളത്തിലെ ഒരു ജില്ലയിലും കലക്ടറായി ഉണ്ടാകാനും വഴിയില്ല.
   സ്കൂൾ അവധി പ്രഖ്യാപിക്കാൻ വൈകി എന്നതിന്റെ പേരിൽ കാക്കതൊള്ളായിരം തെറികളും അധിക്ഷേപങ്ങളും ഇന്നവർ സോഷ്യൽ മീഡിയയിലൂടെ നേരിട്ടിട്ടുണ്ട്..
 പോരാതെ ഇവർക്കെതിരെ ഹൈക്കോടതിയിൽ പരാതിയും പോയിട്ടുണ്ട്.
കേരളത്തിലെ പല പ്രദേശങ്ങളും രണ്ടുമൂന്നു ദിവസമായി വെള്ളത്തിനടിയിലാണ്.അതാത് ജില്ലാ കളക്ടർമാർ അതിനാൽ തന്നെ തങ്ങളുടെ അധികാരം ഉപയോഗിച്ച് ആ ജില്ലകളിൽ അവധി പ്രഖ്യാപിക്കുന്നുമുണ്ട്.എന്നുകരുതി മറ്റ് ജില്ലാകളക്ടർമാരും അതുതന്നെ ചെയ്യണമെന്ന് നിർബന്ധമില്ല.ഒരുപക്ഷെ കേരളത്തിൽ തന്നെ മഴക്കെടുതിയിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാകാത്ത ഒരേയൊരു ജില്ല ഇന്ന് എറണാകുളമായിരിക്കും; കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പോലെയുള്ള കൊച്ചുകൊച്ചു പ്രശ്നങ്ങൾ മാറ്റിനിർത്തിയാൽ….
എല്ലാ സർക്കാർ സംവിധാനങ്ങളും തങ്ങളാൽ കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട്.കോരി ചൊരിയുന്ന മഴയത്തും ഇലക്ട്രിക് പോസ്റ്റിൽ കയറി തകരാറുകൾ പരിഹരിക്കാൻ ശ്രമിക്കുന്ന കെഎസ്ഇബി ജീവനക്കാർ മുതൽ വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കാൻ ബുദ്ധിമുട്ടുന്ന കെഎസ്ആർടിസി ജീവനക്കാർ വരെ അതിൽപ്പെടും.വിദ്യാർത്ഥികൾക്ക് മാത്രമല്ല, എല്ലാ വിഭാഗം പൗരൻമാർക്കുമുണ്ട് ബുദ്ധിമുട്ടുകൾ.
ഡോ.രേണുരാജിനോളം അനുഭവസ്ഥയായ മറ്റൊരു ജില്ലാകളക്ടർ ഇന്ന് കേരളത്തിൽ ഉണ്ടാകാൻ വഴിയില്ല.ശ്രീറാം വെങ്കിട്ടരാമനോട് എതിർപ്പുണ്ടാകാം.. നീരസമുണ്ടാകാം..
പക്ഷേ അതിന്റെ പേരിൽ അയാളുടെ ഭാര്യയെ ക്രൂശിച്ചേക്കാം എന്ന് കരുതുന്നതും വൈരാഗ്യം വെച്ച് പുലർത്തുന്നതും നല്ല പ്രവണതയല്ല..
ക്രൈസിസ് മാനേജ് ചെയ്യുന്നത് മനുഷ്യരാണ് എന്നത് മറക്കരുത്.
ഇനി പിഴവ് പറ്റിയെങ്കിൽ തന്നെ അതിന് ആനുപാതികമായ വിമർശനമല്ല അവർക്ക് നേരിടേണ്ടി വന്നത്.അശ്ശീലച്ചുവയുള്ളതും മൂന്നാംകിടയുമായ പരാമർശങ്ങളോടെ അവർക്കെതിരെ ചിലർ തിരിയാൻ കാരണം അവർ ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യയാണ് എന്നതുകൊണ്ട് മാത്രമാണ്.തികച്ചും തോന്ന്യാസവും എതിർക്കപ്പെടേണ്ടതുമായ ഒരു സംഭവമായിരുന്നു ഇത്.
ഒരു ബസ് കണ്ടക്ടർ അയാളുടെ ജീവിതം ഉരുക്കി മകളെ പഠിപ്പിച്ച് ഐഎഎസുകാരിയാക്കിയ കഥ കേട്ടിട്ടില്ലേ.. അത്‌ ഇവരാണ്.. ഇന്നത്തെ എറണാകുളം ജില്ലാ കളക്ടർ ഡോ.രേണുരാജ്.!!

Back to top button
error: