KeralaNEWS

നീരൊഴുക്ക് ശക്തം, ഷോളയാര്‍ ഷട്ടര്‍ തുറന്നു; ചാലക്കുടി തീരത്തുരാത്രി ജലനിരപ്പ് ഉയരും: 2018 ല്‍ വെള്ളം കയറിയ പ്രദേശങ്ങളിലെ മുഴുവന്‍ പേരെയും ക്യാമ്പിലേക്ക് മാറ്റും

തൃശ്ശൂര്‍: തമിഴ്‌നാട് ഷോളയാറില്‍ നിന്നും കേരള ഷോളയാറിലേക്കുളള ജലത്തിന്റെ ഒഴുക്ക് കൂടിയതിനാല്‍ കേരള ഷോളയാറിന്റെ രണ്ട് ഷട്ടറുകള്‍ ഒരു അടി വീതം തുറന്നു. ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് 10 സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. ജനങ്ങളോട് ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി താമസിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. തൃശ്ശൂര്‍, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്തണം. 2018 ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണമെന്നാണ് നിര്‍ദേശം. വൈകുന്നേരമാകുമ്പോഴേക്കും ജലനിരപ്പ് ഇനിയും കൂടുമെന്നും ചാലക്കുടിപ്പുഴയുടെ തീരത്തുള്ള മുഴുവന്‍ പോരും മാറിത്താമസിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ. രാജനും അറിയിച്ചു.

ചാലക്കുടി പുഴയില്‍ അടുത്ത മണിക്കൂറുകളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി. കുമാറും അറിയിച്ചു. പറമ്പികുളത്തും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും അതിശക്തമായമഴയാണ് ലഭിക്കുന്നത്.
പറമ്പിക്കുളത്തുനിന്ന് ജലം പുറന്തള്ളുന്നതിന് പുറമേ, പെരിങ്ങല്‍ക്കുത്തിന്റെ താഴേയ്ക്കുള്ള ഭാഗത്ത് നല്ല മഴയും പെയ്യുന്നുണ്ട്. ഇത് രണ്ടുംകൂടിയാകുമ്പോള്‍ ചാലക്കുടി പുഴയില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. 2018-ലെയും 2019-ലേയും പ്രളയത്തില്‍ മുങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളും കച്ചവടസ്ഥാപനങ്ങളിലെ ആളുകളും അധികൃതരുടെ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് അടിയന്തിരമായി മാറാന്‍ തയ്യാറാകണമെന്ന് കലക്ടറുടെ നിര്‍ദേശം.

Signature-ad

സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. കൊല്ലം , മലപ്പുറം, കോഴിക്കോട് , വയനാട് , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതുണ്ട്.

ലയങ്ങള്‍, പുഴകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍, ദുരന്ത സാധ്യത പ്രദേശങ്ങളില്‍ ഉള്ളവര്‍ മഴ സാഹചര്യം കണക്കിലെടുത്തു അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു മാറ്റി താമസിക്കേണ്ടതാണ്. എല്ലാ ജില്ലകളിലും ക്യാമ്പുകള്‍ തുറക്കുകയും സൗകര്യങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

ലോവര്‍ പെരിയാര്‍ (ഇടുക്കി), കല്ലാര്‍കുട്ടി (ഇടുക്കി), പൊന്മുടി (ഇടുക്കി), ഇരട്ടയാര്‍ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാര്‍ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളില്‍ നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. കേരളത്തില്‍ ആഗസ്ത് 4 വരെ മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചു. മത്സ്യതൊഴിലാളികള്‍ യാതൊരു കാരണവശാലും മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. ബോട്ടുകളും വള്ളങ്ങളും മറ്റു മത്സ്യബന്ധനഉപകരണങ്ങളും സുരക്ഷിതസ്ഥാനങ്ങളില്‍ വെക്കേണ്ടതാണ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് അഭ്യര്‍ത്ഥിക്കുന്നു. അടിയന്തിര സഹായങ്ങള്‍ക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പര്‍ ആയ 1077 ല്‍ വിളിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Back to top button
error: