IndiaNEWS

സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വീട്ടില്‍ റെയ്ഡ് നടത്തുന്നതിനിടെ കുറ്റാരോപിതൻ തറ വൃത്തിയാക്കുന്ന ലായനി കുടിച്ച് ആത്മഹത്യക്കു ശ്രമിച്ചു

സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വീട്ടില്‍ റെയ്ഡ് നടത്തുന്നതിനിടെ ക്ലര്‍ക് തറ വൃത്തിയാക്കുന്ന ലായനി എടുത്തു കുടിച്ചു. മധ്യപ്രദേശ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന അപ്പര്‍ ഡിവിഷനല്‍ ക്ലര്‍ക്ക് ഹീറോ കേശവാനി ആണ് റെയ്ഡ് നടക്കുന്നതിനിടെ കീടനാശിനി എടുത്ത് കുടിച്ചത്. അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന പരാതിയുമായി ബന്ധപ്പെട്ടാണ് ബുധനാഴ്ച പരിശോധന നടത്തിയതെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്:

‘ഹീറോ കേശവാനി പരിശോധന തടയാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോള്‍ ഫ്ളോര്‍ ക്ലീനര്‍ കുടിച്ചു. അദ്ദേഹത്തെ ഉടന്‍തന്നെ ഹമീദിയ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയുന്നത്.’ ഭോപാലിലെ ഇ.ഒ.ഡബ്ല്യു പൊലീസ് സൂപ്രണ്ട് രാജേഷ് സിംഗ് പറഞ്ഞു.

ഭാര്യയെയും രണ്ട് കുട്ടികളെയും സാക്ഷിയാക്കി ഉച്ചയോടെ തിരച്ചില്‍ പുനരാരംഭിച്ചു. ബൈരഗഡിലുള്ള ഇയാളുടെ മൂന്ന് നില വീട്ടില്‍ നിന്ന് 85 ലക്ഷം രൂപ സംഘം കണ്ടെടുത്തു. 14 പേപ്പറുകളും വസ്തുവകകളുടെ വില്‍പന രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ നിന്ന് മൂന്ന് ആഡംബര കാറുകളും മറ്റ് ആഡംബര അലങ്കാര വസ്തുക്കളും കണ്ടെത്തിയതായി എസ്.പി പറഞ്ഞു.

ഹീറോ കേശവാനിക്കെതിരെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് പരാതികള്‍ ലഭിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനം പണിയുന്നതിനായി സംഭാവനയായി ലഭിച്ച ഭൂമി ബില്‍ഡര്‍മാര്‍ക്ക് വിറ്റതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയ്ക്ക് കീഴിലുള്ള ജീവ് സേവാ സന്‍സ്ഥാന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സെക്രടറിയുമായി ഹീറോ കേശവാനിക്ക് അടുപ്പമുണ്ടെന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്.

രാത്രി വൈകിയും റെയ്ഡുകള്‍ തുടര്‍ന്നു. എന്നാല്‍ ലോക്കറുകള്‍ തുറന്നിട്ടില്ല, ആഭരണങ്ങളുടെ വില കണക്കാക്കി വരികയാണെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ആത്മഹത്യാശ്രമത്തിന് കേശവാനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബൈരാഗഡ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഡി.പി സിംഗ് പറഞ്ഞു.

Back to top button
error: