തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബര്‍ അവസാനത്തിലും ജനുവരി ആദ്യത്തിലുമായി കോഴിക്കോട്ട് നടത്തും. സംസ്ഥാന സ്കൂള്‍ കായികമേള ഒക്ടോബര്‍ അവസാനത്തിലോ നവംബര്‍ ആദ്യത്തിലോ തിരുവനന്തപുരത്ത് നടത്താനും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന ശാസ്ത്രോത്സവം ഒക്ടോബറില്‍ എറണാകുളത്ത് നടത്തും. സ്പെഷല്‍ സ്കൂള്‍ കലോത്സവം കോട്ടയത്ത് നടത്തും.
കോവിഡ് വ്യാപനത്തെതുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് സ്കൂള്‍ കലോത്സവം, കായികമേള, ശാസ്ത്രോത്സവം എന്നിവ പുനരാരംഭിക്കുന്നത്. അധ്യാപക ദിനാഘോഷവും അനുബന്ധ പരിപാടികളും സെപ്റ്റംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ കണ്ണൂരില്‍ നടത്തും. ഒന്നാം പാദവാര്‍ഷിക പരീക്ഷ ഒന്ന് മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് ആഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ നടക്കും.
അധ്യയനം തുടങ്ങാന്‍ വൈകിയതിനാല്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പാദവാര്‍ഷിക പരീക്ഷ നടത്തേണ്ടതില്ലെന്നാണ് തീരുമാനം. ദക്ഷിണേന്ത്യന്‍ ശാസ്ത്രമേള ഇത്തവണ കേരളത്തില്‍ നടത്തും. മലപ്പുറം, കൊല്ലം എന്നിവയാണ് വേദിക്കായി പരിഗണിക്കുന്നത്. സ്കൂള്‍ ഉച്ചഭക്ഷണത്തിനുള്ള രണ്ട് മാസത്തെ കുടിശ്ശിക തുക രണ്ട് ദിവസത്തിനകം അനുവദിക്കും. തുക ഉയര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.