ന്യൂഡല്‍ഹി: വര്‍ധിച്ച ജീവിതച്ചെലവ് താങ്ങാനാവാത്തതിനാല്‍ പൊതുവിതരണ കേന്ദ്രങ്ങളായ ന്യായവില ഷോപ്പുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ധര്‍ണ നടത്തി. ഇദ്ദേഹം വൈസ് പ്രസിഡന്റായ ഓള്‍ ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷന്റെ (എ.ഐ.എഫ്.പി.എസ്.ഡി.എഫ്) നേതൃത്വത്തിലാണ് ചൊവ്വാഴ്ച വിവിധ ആവശ്യങ്ങളുന്നയിച്ച് ജന്തര്‍മന്തറില്‍ സമരം നടത്തിയത്. അരി, ഗോതമ്പ്, പഞ്ചസാര എന്നിവ വില്‍പന നടത്തിയതിലൂടെ ന്യായവില ഷോപ്പുടമകള്‍ നേരിട്ട സാമ്പത്തിക ബാധ്യതക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
‘നമ്മുടെ നിലനില്‍പ്പിന് വേണ്ടി ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നിരത്തി സംഘടനയുടെ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നല്‍കും. നിലവിലെ ജീവിതച്ചെലവും കട നടത്താനുള്ള ഭാരിച്ച ചെലവുകളും താങ്ങാനാവുന്നതല്ല. എന്നിട്ടും തങ്ങള്‍ക്ക് കമ്മീഷന്‍ ഇനത്തില്‍ കിലോയ്ക്ക് 20 പൈസ മാത്രം വര്‍ധിപ്പിച്ചത് ക്രൂരമായ തമാശയാണ്. വ്യാപാരികള്‍ നേരിടുന്ന സാമ്പത്തിക ദുരിതങ്ങള്‍ അവസാനിപ്പിക്കാനും ആശ്വാസം നല്‍കാനും ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു’ – പ്രഹ്ലാദ് മോദി പറഞ്ഞു. എ.ഐ.എഫ്.പി.എസ്.ഡി.എഫ് ദേശീയ എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച ചേരുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ അടുത്ത നടപടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കാണുമെന്ന് സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറി ബിശ്വംഭര്‍ ബസു പറഞ്ഞു.
അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ വില്‍പന വഴി ഉണ്ടായ അധികബാധ്യതക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുക, ഭക്ഷ്യ എണ്ണയും പയറുവര്‍ഗ്ഗങ്ങളും പാചകവാതകവും ന്യായവില ഷോപ്പുകളിലൂടെ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും എ.ഐ.എഫ്.പി.എസ്.ഡി.എഫ് ഉന്നയിച്ചു. പശ്ചിമ ബംഗാള്‍ മോഡല്‍ സൗജന്യ റേഷന്‍ വിതരണം രാജ്യത്തുടനീളം നടപ്പാക്കുക, ജമ്മു-കശ്മീര്‍ ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും കുടിശികയായ കമീഷന്‍ ഉടന്‍ നല്‍കുക, ഗ്രാമീണ മേഖലയിലെ ന്യായവില ഷോപ്പ് ഡീലര്‍മാരെ അരിയുടെയും ഗോതമ്പിന്റെയും നേരിട്ടുള്ള സംഭരണ ??ഏജന്റുമാരായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ബിശ്വംഭര്‍ ബസു കൂട്ടിച്ചേര്‍ത്തു.