ന്യൂഡല്‍ഹി: കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിപ്രകാരം നല്‍കിയ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമോ എന്ന ചോദ്യത്തിന് മുന്നില്‍ അമര്‍ഷവും പ്രതിഷേധവും പ്രകടമാക്കി മന്ത്രി. ഒടുവില്‍ ചോദ്യത്തിന് മറുപടി പറഞ്ഞത് സ്പീക്കര്‍. ലോക്‌സഭയില്‍ എന്‍.സി.പിയിലെ സുപ്രിയ സുലെയാണ് ചോദ്യം ഉന്നയിച്ചത്.
ചരിത്രത്തില്‍ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കിസാന്‍ ക്രഡിറ്റ് കാര്‍ഡിന്റെ പ്രയോജനം കര്‍ഷകര്‍ക്കു പുറമെ മീന്‍പിടിത്തക്കാര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും ലഭ്യമാക്കിയതെന്നായിരുന്നു ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാലയുടെ മറുപടി. ചോദിച്ചതിനല്ല മന്ത്രി മറുപടി പറയുന്നതെന്ന് സുപ്രിയയും മറ്റു ചില അംഗങ്ങളും ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രി ചൊടിച്ചു. കര്‍ഷകരുടെ പേരില്‍ അധരവ്യായാമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞതോടെ പ്രതിഷേധം മുറുകി. സ്പീക്കര്‍ ഓം ബിര്‍ല ഇടപെട്ടാണ് അംഗങ്ങളെ ശാന്തരാക്കിയത്.