KeralaNEWS

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ: അപേക്ഷയില്‍ തിരുത്തലിന് സമയം നീട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണി വരെ സമയം നീട്ടി നല്‍കി വിദ്യാഭ്യാസ വകുപ്പ്.

ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിച്ച് തിരുത്തുണ്ടെങ്കില്‍ അവ പൂര്‍ത്തീകരിക്കാനും ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും ഞായറാഴ്ച വൈകിട്ട് അഞ്ച് വരെയാണ് നേരത്തെ അനുവദിച്ചിരുന്നത്. എന്നാല്‍ ട്രയല്‍ അലോട്ട്‌മെന്റിലുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ പരിഗണിച്ച് തിരുത്തലുകള്‍ക്ക് ഒരു ദിവസംകൂടി നീട്ടി നല്‍കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Signature-ad

വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച് രണ്ടാം ദിവസവും സെര്‍വര്‍ ഡൗണ്‍ ആയതിനാല്‍ അലോട്ട്‌മെന്റ് പരിശോധിക്കാനോ തിരുത്തല്‍ വരുത്താനോ കഴിഞ്ഞില്ലെന്ന് കഴിഞ്ഞ ദിവസം വ്യാപക പരാതിയുയര്‍ന്നിരുന്നു.

പരീക്ഷകള്‍, സ്ഥലം മാറ്റം തുടങ്ങി ഹയര്‍ സെക്കണ്ടറിയുടെ എല്ലാ കാര്യങ്ങളും ഒരേ സെര്‍വറുമായാണ് ലിങ്ക് ചെയ്തിരുന്നത്. ഒരേ സമയത്ത് കൂടുതല്‍ പേര്‍ ലോഗിന്‍ ചെയ്തതോടെ സെര്‍വര്‍ ഡൗണാകുകയായിരുന്നു. സെര്‍വറുകള്‍ ഉപയോഗിച്ച് പ്രശ്‌നം പിന്നീട് പരിഹരിച്ചെന്ന് മന്ത്രി അറിയിച്ചെങ്കിലും വളരെയേറെ കുട്ടികള്‍ക്ക് ഇനിയും ഓപ്ഷന്‍ തിരുത്തലിന് സാധിച്ചിട്ടില്ല.

ഇതേത്തുടര്‍ന്ന് തിരുത്തലിന് സമയം നീട്ടി നല്‍കണമെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടത് കണക്കിലെടുത്താണ് നടപടി.

Back to top button
error: