മുംബൈ: നീണ്ടകാലം ടാറ്റാ സബ്സിഡിയും ടാറ്റാ ഗ്രൂപ്പിലെയും നെടുംതൂൺ ആയിരുന്നു രത്തൻ ടാറ്റ. കമ്പനിയുടെ മുൻ ചെയർപേഴ്സണായ അദ്ദേഹം രാജ്യത്തെ ആദ്യ സമ്പന്നരിൽ പ്രമുഖനും വ്യവസായികളുടെ നിരയിൽ ഒഴിച്ചു നിർത്താനാകാത്ത ഒരാളുമാണ്. എന്നാൽ അദ്ദേഹത്തിന് ലക്ഷങ്ങളോ കോടികളോ അല്ല ഒരു ദിവസത്തെ വരുമാനം. 18739 രൂപയാണ് ഒരു ദിവസം രത്തൻ ടാറ്റയുടെ വരുമാനം. വെറും 347 ഡോളർ മാത്രം. ഒരു മാസത്തെ അദ്ദേഹത്തിന്റെ വരുമാനം 5.7 ലക്ഷം രൂപയാണ്. 7122 ഡോളർ വരും ഈ തുക.
ഒരു മണിക്കൂറിൽ വെറും 780 രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. 2012 ഡിസംബർ മാസത്തിലാണ് അദ്ദേഹം ടാറ്റാ ഗ്രൂപ്പിലെ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് ഒഴിഞ്ഞത്. 2017 എൻ ചന്ദ്രശേഖരൻ ടാറ്റാ സൺസ് ചെയർമാൻ ആയതോടെ രത്തൻ ടാറ്റ പൂർണമായും ചുമതലകൾ ഒഴിഞ്ഞു. എന്നാൽ ഇന്നും അദ്ദേഹത്തിന് ലക്ഷങ്ങളുടെ വാർഷിക വരുമാനം ഉണ്ട്. വിവിധ സ്രോതസ്സുകളിൽ നിന്നായി 68.4 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ വാർഷിക വരുമാനം.
ഏപ്രിലിൽ, തന്റെ അവസാന വര്‍ഷങ്ങള്‍ അസമിനുവേണ്ടി ചെലവഴിക്കും എന്ന് രത്തൻ ടാറ്റ പ്രഖ്യാപിച്ചിരുന്നു. എല്ലാവരും അംഗീകരിക്കുന്ന സംസ്ഥാനമായി അസമിനെ മാറ്റാനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അസമിലെ ഏഴ് അത്യാധുനിക കാൻസർ ആശുപത്രികളുടെ ഉദ്ഘാടനവും ഏഴ് ആശുപത്രികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിർവഹിച്ച ശേഷം ആയിരുന്നു ടാറ്റയുടെ പ്രഖ്യാപനം. ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനം ആണെങ്കിൽ പോലും ലോകോത്തര നിലവാരത്തിലുള്ള ക്യാൻസർ ചികിത്സാ സൗകര്യങ്ങള്‍ അസമിൽ ഇപ്പോൾ ലഭ്യമാണ്.