തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച് തിരികെ കിട്ടാത്ത സ്ത്രീ ചികിത്സയില്‍ ഇരിക്കെ മരിച്ചു. കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചത്. 30 ലക്ഷം രൂപയാണ് ഫിലോമിന കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. നിക്ഷേപിച്ച പണം തിരികെ കിട്ടിയിരുന്നെങ്കില്‍ മികച്ച ചികിത്സ നല്‍കുമായിരുന്നുവെന്ന് മരിച്ച ഫിലോമിനയുടെ ഭര്‍ത്താവ് ദേവസി പ്രതികരിച്ചു.
ചികിത്സക്കായി നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും തന്നില്ലെന്ന് ഫിലോമിനയുടെ ബന്ധുക്കള്‍ പറയുന്നു. പണം ചോദിക്കുമ്പോള്‍ ബാങ്കിലെ ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും ദേവസി ആരോപിച്ചു. കിട്ടുമ്പോള്‍ തരാം എന്നായിരുന്നു ബാങ്ക് ജീവനക്കാര്‍ പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാങ്കിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഫിലോമിനയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിലും ദേശീയ പാതയിലും ബന്ധുക്കളും നാട്ടുകാരും സമരം നടത്തി.
പ്രതിഷേധം ശക്തമായതോടെയാണ് ഇരിങ്ങാലക്കുട ആര്.ഡി.ഒ-യുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നല്‍കുമെന്നും ബാക്കി തുക എത്രയും പെട്ടെന്ന് നല്കാന് നടപടി സ്വീകരിക്കുമെന്നും ആര്.ഡി.ഒ സമരക്കാര്‍ക്ക് ഉറപ്പ് നല്കി. തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.