കോഴിക്കോട്: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ മൂന്നാമതും ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ഇഡിക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. നാഷണല്‍ ഹെറാള്‍ഡ് കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
കേന്ദ്ര സര്‍ക്കാര്‍ സോണിയാ ഗാന്ധിയെ കേന്ദ്രഏജന്‍സികളെ വെച്ച് പീഡിപ്പിക്കുകയാണ്. വൈരാഗ്യം മാത്രമാണ് ഇതിന് പിന്നിലുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് അന്ധമായ കോണ്‍ഗ്രസ് വിരോധമാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇവിടെ ഗുരുതരമായ ആരോപണം ഉണ്ടായിട്ട് പോലും മോദി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ലോകത്തെ മികച്ച അന്വേഷണ ഏജന്‍സികളായ കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു.
എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ ഫാസിസ്റ്റ് നടപടിയാണ്. ചിന്തന്‍ ശിബിരം എല്ലാവരേയും ചേര്‍ത്തു പിടിച്ചു. പുതിയ വഴിയാണത്. അതിലൂടെ കോണ്‍ഗ്രസ് മുന്നേറുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കളും ഇഡി നടപടിക്ക് എതിരേ രംഗത്തെത്തി.
ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും പരിഗണിക്കാതെയാണ് സോണിയയെ ചോദ്യം ചെയ്യുന്നതെന്നും ഇത് ഉചിതമായ നടപടിയല്ലെന്നും മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി.
പ്രായം പോലും പരിഗണിക്കാതെ വലിയ സമ്മര്‍ദ്ദമാണ് എന്‍ഫോഴ്‌സ്‌മെന്റ് സോണിയക്ക് നല്‍കുന്നത്. 50 മണിക്കൂറിലേറെ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. അതിനപ്പുറം എന്താണ് സോണിയ ഗാന്ധിയില്‍ നിന്ന് അറിയാനുള്ളതെന്നും ഗുലാംനബി ആസാദ് ചോദിച്ചു.
ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് താന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികള്‍ക്ക് ഇതുവരെ എത്താതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സോണിയയെ ചോദ്യം ചെയ്യുന്നതല്ല കേന്ദ്രം നിയമം ദുരുപയോഗം ചെയ്യുന്നതാണ് വിഷയമെന്ന് ആനന്ദ് ശര്‍മ്മയും കുറ്റപ്പെടുത്തി.
നിയമം ജനങ്ങളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുന്നു. ജനാധിപത്യത്തില്‍ എതിരാളികള്‍ ഉണ്ടാകും. എന്നാല്‍ ഈ നടപടി അത്യന്തം ഖേദകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.