തിരുവനന്തപുരം; വർദ്ധിച്ച് വരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെ കുറിച്ചും , ഓൺലൈനിലൂടെ കുട്ടികൾകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും ബോധവൽക്കരിക്കുകയും, സംരക്ഷിക്കുന്നതിലേയ്ക്കുമായി കേരള പോലീസ് പോലീസ് സൈബർ ഡോമും, സിസിഎസ്ഇ, ദേശീയ എൻ.ജി ഒ സംഘടനയായ ബച്ചപൻ ബച്ചാവോ ആന്ദോളൻ (ബിബിഎ), ചൈൽഡ്ലൈൻ, മെറ്റാ (ഫെയ്സബുക്ക്), ഇൻകെർ റോബോട്ടിക്സ്, മക്ലാബ്സ്, ഐഎംഎ, ബോധിനി എന്നീ സംഘടനകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ബോധവത്കണ പരിപാടിയായ കൂട്ട് 2022 ഈ മാസം 26 ന് തുടക്കമാകും.
ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം രാവിലെ 09.30ന് കോട്ടൺഹിൽ സ്കൂളിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐപിഎസ്, സൈബർ ഡോം നോഡൽ ഓഫീസറും, വിജിലൻസ് ഡയറക്ടറുമായ മനോജ് എബ്രഹാം ഐപിഎസ്, ബിബിഎ സിഇഒ രഞ്ചി സേഖരി സിബൽ ( റിട്ട. ഐഎഎസ്), സൗത്ത് സോൺ ഐജി പി. പ്രകാശ് ഐപിഎസ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐഎഎസ്, വാർഡ് കൗൺസിലർ രാഖി രവികുമാർ, മെറ്റയുടെ ട്രസ്റ്റ് ആന്റ് സേഫ്റ്റി ഹെഡ് വിജയ് പമരതി, പ്രിൻസിപ്പൽ വിൻസന്റ്, സൗത്ത് സോൺ ഡിഐജി നിശാന്തിനി ഐപിഎസ് തുടങ്ങിയവരും പങ്കെടുക്കും.
കുട്ടികൾക്ക് എതിരെയുള്ള ലൈംഗികാതിക്രമണ വീഡിയോകൾ തടയുന്നതിന് വേണ്ടി സംസ്ഥാനത്ത് പോലീസ് നടത്തി വരുന്ന ഓപ്പറേഷൻ പി- ഹണ്ടിൽ ഓൺലൈൻ കേസുകൾ വർദ്ധിച്ച് വരുകയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ കുട്ടികൾക്ക് ഇതിന് എതിരെ ബോധവത്കരണം നടത്തുന്നതിന് വേണ്ടിയാണ് കൂട്ട് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
കോവിഡ് മഹാമാരിയെ തുടർന്ന് ഓൺലൈൻ അതിപ്രസരത്തിൽ കുട്ടികൾക്കു നേരേയുള്ള ഓൺലൈൻ അതിക്രമങ്ങൾ ക്രമാതീതമായി വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. അപക്വമായ ഇത്തരം ഇന്റെർനെറ്റ് ഉപയോഗത്തിന്റെ ഇരകളിൽ ഭൂരിപക്ഷവും കൗമാരക്കാരായ കുട്ടികളാണ് എന്ന വസ്തുത മനസ്സിലാക്കി സ്കൂൾ തലത്തിൽ കുട്ടികൾക്ക് ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ അവബോധം സൃഷ്ടിച്ചെടുക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ കുട്ടികൾക്കും, അദ്ധ്യാപകർക്കും, രക്ഷിതാക്കൾക്കും ആധുനിക സാങ്കേതിക വിദ്യകളിലൂടെ അവബോധം നൽകി ഓൺലൈൻ ചൂഷണങ്ങളെ ശക്തമായി നേരിടാൻ സജ്ജമാക്കുക എന്നതാണ് ആദ്യ ഘട്ടത്തിലെ ലക്ഷ്യം.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികളിൽ ഓൺലൈനിലൂടെ അശ്ലീല ആക്രമണത്തിന് ഇരയായ ജില്ലകളിലെ സ്കൂളുകളിൽ ഓൺലൈനായും ഓഫ്ലൈനായും ബോധവക്തരണം ചെയ്യും.
കുട്ടികളെ ഓൺലൈൻ വഴിയുള്ള ചതിക്കുഴികളും, അപകടങ്ങളും മനസ്സിലാക്കാനും ഒഴിവാക്കാനും പ്രാപ്തമാക്കുന്ന കാര്യങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം, സോഷ്യൽ മീഡിയയിൽ കുട്ടികളുടെ ഐഡന്റിറ്റി സുരക്ഷിതമാക്കുന്നതിനുള്ള ക്ലാസുകൾ, രക്ഷാകർതൃ നിയന്ത്രണത്തെക്കുറിച്ചുള്ള ക്ലാസുകൾ, ഓൺലൈൻ സോഷ്യൽ മീഡിയ സമീപനങ്ങളുടെ അപകടങ്ങൾ തുടങ്ങിയവയും പരിശീലിപ്പിക്കും.