കോഴിക്കോട്: കുന്ദമംഗലത്ത് എക്സൈസ് വാഹന പരിശോധനക്കിടെ 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിലായി. മയക്ക് മരുന്ന് മാഫിയയുടെ പ്രധാന കണ്ണികളായ കോഴിക്കോട് മായനാട് സ്വദേശി വിനീത് ,വിതരണക്കാരൻ പാലക്കാട് സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്. വിദ്യാർഥികൾക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്സൈസ് സംഘം പറഞ്ഞു.
മായനാട് സ്വദേശി വിനീത് നേരത്തെയും മയക്ക് മരുന്ന് കേസിൽ പ്രതിയായതിനാൽ ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. വിശാഖപട്ടണത്ത് നിന്നാണ് ഇവർ മയക്ക് മരുന്ന് കൊണ്ടുവരുന്നത്. ഏജൻറുമാർക്ക് ഓൺലൈൻ വഴി പണം അയച്ച് കൊടുത്ത് വിനോദയാത്രക്കെന്ന വ്യാജേന സ്ഥലത്തെത്തി മയക്കുമരുന്ന് ശേഖരിക്കുകയാണ് ഇവരുടെ പതിവ്.
രണ്ട് ഗ്രാം വീതമുള്ള ബോട്ടിലുകളിലാക്കിയാണ് വിൽപ്പന. ഇത്തരമൊരു ബോട്ടിലിന് 2000 രൂപ വരെ ഈടാക്കുന്നതായും കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചാണ് വിൽപ്പനയെന്നും എക്സൈസ് സംഘം പറഞ്ഞു. കുട്ടികൾക്കിടയിൻ മയക്ക് മരുന്ന് ഉപയോഗം വർധിച്ചങ്കിലും സർക്കാർ നേതൃത്വത്തിൽ നടക്കുന്ന ബോധവൽക്കരണമുൾപ്പെടെ വലിയ ഗുണം ചെയ്തതായും മുൻപ് ഇത്തരം കേസുകളിൽ ഉൾപ്പെട്ട പ്രതികളെ കേന്ദ്രീകരിച്ച് പരിശോധന കൂടുതൽ ശക്തമാക്കുമെന്നും സംഘം അറിയിച്ചു.