ആലപ്പുഴ: ഐതിഹ്യങ്ങളുടെയും വിശ്വാസങ്ങളുടെയും ഇന്നലെകളിലൂടെ യാത്ര ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ക്ക് കയറിച്ചെല്ലുവാന്‍ സാധിക്കുന്ന ഒരുപാടിടങ്ങളുണ്ട്. വിശ്വാസവും യാഥാര്‍ത്ഥ്യവും തമ്മില്‍ തിരിച്ചറിയുവാന്‍ പോലും ബുദ്ധിമുട്ടുള്ള ഇടങ്ങൾ.അത്തരത്തിലൊരു സ്ഥലമാണ് ആലപ്പുഴ ചെങ്ങന്നൂരിലെ പാണ്ഡവൻ പാറ.
മഹാഭാരതത്തോളം പഴക്കമുള്ള ഐതിഹ്യങ്ങളാണ് പാണ്ഡവന്‍ പാറയ്ക്കും ഇവിടുത്തെ പാണ്ഡവൻപാറ ശ്രീകൃഷ്ണക്ഷേത്രത്തിനുമുള്ളത്. ട്രക്കിങ്ങിനും കാടുകയറ്റങ്ങള്‍ക്കും സാധ്യതകളേയില്ലാത്ത ജില്ലയായ ആലപ്പുഴയിലെ സ്ഥിരം കാഴ്ചകളില്‍ നിന്നും അല്പം വ്യത്യസ്തത നല്കുന്ന ഇടമാണ് ചെങ്ങന്നൂരിന് സമീപം സ്ഥിതി ചെയ്യുന്ന പാണ്ഡവന്‍ പാറ. പേരുപോലെ തന്നെ കൂറ്റന്‍ പാറക്കൂട്ടങ്ങളുടെ ഒരു കൂട്ടമാണ് പാണ്ഡവന്‍ പാറ എന്നറിയപ്പെടുന്നത്.
മഹാഭാരതവുമായാണ് പാണ്ഡവന്‍ പാറയുടെ ഐതിഹ്യങ്ങള്‍ ചേര്‍ന്നു കിടക്കുന്നത്. തങ്ങളുടെ അജ്ഞാത വനവാസക്കാലത്ത് പാണ്ഡവര്‍ ഇവിടെയെത്തിയെന്നും നാളുകളോളം ഇവിടുത്തെ കുന്നിന്‍മുകളില്‍ താമസിച്ചു എന്നുമാണ് വിശ്വസിക്കപ്പെടുന്നത്.
പാണ്ഡവര്‍ ഇവിടെ താമസിച്ചിരുന്നു എന്നതിന്‍റെ പല അടയാളങ്ങളും ഇന്നും ഇവിടുത്തെ പാറകളില്‍ തെളിഞ്ഞു കാണാം. ഭീമന്റെ കാലടിപതിഞ്ഞ കാലടിക്കല്ല്, പാണ്ഡവര്‍ ഇരുന്നത് എന്നു വിശ്വസിക്കപ്പെടുന്ന കസേരയുടെ ആകൃതിയിലുള്ള കസേരക്കല്ല്, പടിപ്പുരയുടെ രൂപമുള്ള പടിപ്പുരക്കല്ല്, മുറുക്കാൻ ചെല്ലം, സിംഹാസനം, താമര ആകൃതിയിലെ സ്തൂപങ്ങൾ,ആനയുടെ ആകൃതിയിലെ പാറ എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.
പാണ്ഡവന്‍ പാറയിലെ പാറക്കെട്ടുകള്‍ക്ക് മുകളിലായി ഒരു ജലസ്രോതസ്സുണ്ട്. പ്രദേശവാസികള്‍ ഇതിനെ കന്യാകുമാരി എന്നാണ് വിളിക്കുന്നത്. പടിപ്പുരയിൽനിന്ന് 100 മീറ്റർ വടക്കുകിഴക്കു മാറിയാണ് ഇതുള്ളത്. എത്ര കടുത്ത വേനലായാലും ഇവിടുത്തെ വെള്ളം വറ്റില്ല എന്നൊരു പ്രത്യേകതയുമുണ്ട്.
പാണ്ഡവന്‍പാറയ്ക്ക് സമീപത്തുള്ള മറ്റൊരു ആകര്‍ഷണമാണ് നൂറ്റവന്‍ പാറ. കൗരവരുടെ പേരിൽ അറിയപ്പെടുന്ന ഈ പാറയില്‍ കൗരവര്‍ താമസിച്ചിരുന്നതായാണ് വിശ്വാസം. സമുദ്രനിരപ്പില്‍ നിന്നും അറുന്നൂറ് അടിയിലേറെ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ചെങ്ങന്നൂരില്‍ നിന്നും ചെറിയനാട് റൂട്ടില്‍ 1.1 കിലോമീറ്റര്‍ ദൂരയാണ് പാണ്ഡവന്‍പാറയുള്ളത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും വരുമ്പോൾ ഓവർബ്രിഡ്ജ് തൊട്ടു മുമ്പ് ഉടൻ ഇടത്തോട്ട് തിരിഞ്ഞ് ഇവിടേക്ക് കയറാം.