ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്ക് വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍, ഇത്തവണ മസ്ക് വാര്‍ത്തയായത് അസാധാരണമായ ഒരു കാര്യത്തിനാണ്. സത്യത്തില്‍ ഇലോണ്‍ മസ്ക് അല്ല ഈ വാര്‍ത്തയിലെ നായകന്. ഇലോണ്‍ മസ്കിന് ജന്മം നല്കിയ പിതാവ് ഇറോള്‍ മസ്ക് ആണ്. തന്റെ ബീജത്തിന് ഇപ്പോള്‍ ഭയങ്കര ഡിമാന്‍ഡ് ആണെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ബീജം ആവശ്യപ്പെട്ട് ഒരു തെക്കേ അമേരിക്കന്‍ കമ്പനി സമീപിച്ചതും ഇറോള്‍ മസ്ക് വെളിപ്പെടുത്തുന്നു.
ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോണ്‍ മസ്കിന് ജന്മം നല്കിയ ആളുടെ ബീജങ്ങള്‍ ഉപയോഗിച്ച് അതേ ജീനും ബുദ്ധിയുമുള്ള ആളുകളെ സൃഷ്ടിക്കുക എന്നതാണ് കമ്പനിയുടെ പദ്ധതി. ബ്രിട്ടീഷ് ടാബ്ലോയിഡായ ദ് സണ്ണിന് നല്കിയ അഭിമുഖത്തിലാണ് ഇറോള്‍ മസ്ക് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ വളര്‍ത്തു പുത്രിയില്‍ തനിക്ക് രണ്ട് കുട്ടികളുണ്ടെന്ന് 75 വയസ്സുള്ള ഇറോള്‍ മസ്ക് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ്, ബീജദാനത്തിനായി തന്നെ കമ്പനികള്‍ സമീപിക്കുന്ന കാര്യം അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്. ഒരു കൊളംബിയന്‍ കമ്പനിയാണ് ബീജമാവശ്യപ്പെട്ട് തന്നെ സമീപിച്ചതെന്ന് ഇറോള്‍ മസ്ക് പറഞ്ഞു. എന്നാല്‍, കമ്പനി ഏതെന്നോ അവരുടെ കൃത്യമായ പദ്ധതി എന്തെന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല.
”ഹൈ ക്ലാസ് കൊളംബിയന്‍ സ്ത്രീകള്‍ക്ക് ഗര്‍ഭം ധരിക്കുന്നതിന് വേണ്ടിയാണ് കമ്പനി എന്റെ ബീജം ആവശ്യപ്പെടുന്നത്. ജന്മം നല്കിയ ആള് തന്നെ ജീവനോടെയുള്ളപ്പോള്‍ ഒരു കുഞ്ഞിനായി ഇലോണ്‍ മസ്കിനെ സമീപിക്കേണ്ടതില്ലല്ലോ എന്നാണ് അവര്‍ പറയുന്നത്.”-അഭിമുഖത്തില്‍ ഇറോള്‍ മസ്ക് പറഞ്ഞു. എന്നാല്‍, കമ്പനി ഇതിനായി കാശൊന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ”ബീജത്തിന് പകരമായി പണം നല്കുന്ന കാര്യമൊന്നും അവര്‍ വാഗ്ദാനം ചെയ്തിട്ടില്ല. എന്നാല്‍, ഫസ്റ്റ് ക്ലാസ് യാത്രയും മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസവും അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ”-ഇറോള്‍ മസ്ക് പറഞ്ഞു.
കമ്പനിയുടെ ആവശ്യപ്രകാരം ബീജം നല്കാന് ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇറോള്‍ മസ്കിന്റെ ഉത്തരം ഇതായിരുന്നു. ”പിന്നല്ലാതെ…” ഈയടുത്ത് പുറത്തുവന്ന ഒരഭിമുഖത്തില്‍, പ്രത്യുല്പ്പാദനത്തിനു മാത്രമാണ് മനുഷ്യര്‍ ഭൂമിയിലുള്ളതെന്നും ഇറോള്‍ മസ്ക് പറഞ്ഞിരുന്നു. നിലവില്‍ മൂന്ന് സ്ത്രീകളിലായി ഏഴ് കുട്ടികള്‍ ഇറോള്‍ മസ്കിനുണ്ട്. അതിനൊപ്പമാണ്, വളര്‍ത്തു പുത്രിയില്‍ രണ്ട് കുട്ടികള്‍ കൂടി തനിക്കുണ്ടെന്ന് ഇറോള്‍ മസ്ക് വെളിപ്പെടുത്തിയിരുന്നത്.