വേഗത്തിൽ ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കൾ തെരഞ്ഞെടുക്കുന്നത് ജിയോ. ട്രായിയുടെ മൈ സ്പീഡ്‌പോർട്ടലിൽ നിന്നുള്ള വിവരം അനുസരിച്ചാണ് ജിയോ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. മികച്ച ഡൗൺലോഡ്, അപ്‌ലോഡ് വേഗതയിൽ റിലയൻസ് ജിയോയും വോഡഫോൺ ഐഡിയയും ആദ്യ സ്ഥാനത്ത് തന്നെയുണ്ട്. എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ (വി), ബിഎസ്എൻഎൽ തുടങ്ങിയ നാല് ടെലികോം കമ്പനികളാണ് ഇന്ത്യയിൽ നിന്നുള്ളത്. ഇക്കഴിഞ്ഞ അഞ്ചുമാസമായി ജിയോയാണ് ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നത്.
പക്ഷേ കൂടുതൽ അപ് ലോഡുകൾ നടക്കുന്നത് വോഡഫോൺ ഐഡിയയുടെ നെറ്റ് വർക്കിലാണ്. വിവിധ ടെലികോം സേവന ദാതാക്കളുടെ ഉപയോക്താക്കളുടെ ഡാറ്റാ പ്രകാരമാണ് ഇന്റർനെറ്റ് വേഗത സംബന്ധിച്ച ശരാശരി കണക്കുകൾ ട്രായ് പുറത്തുവിട്ടിരിക്കുന്നത്. ട്രായ് മൈ സ്പീഡ് കണക്കുകൾ പറയുന്നത് അനുസരിച്ച് 2022 ജൂണിൽ ജിയോ, എയർടെൽ, വി, ബിഎസ്എൻഎൽ തുടങ്ങിയ സേവനങ്ങളുടെ ശരാശരി ഡൗൺലോഡ് വേഗത 22.1 എംബിപിഎസ്, 14.4 എംബിപിഎസ്, 16.4 എംബിപിഎസ്, 5.5 എംബിപിഎസ് എന്നിങ്ങനെയായിരുന്നു. 4ജി സേവനം ലഭ്യമാക്കിയാൽ ബിഎസ്എൻഎല്ലിനും മികച്ച സേവനം നൽകാൻ കഴിയും. ജിയോ, എയർടെൽ, വി, ബിഎസ്എൻഎൽ എന്നീ സേവനങ്ങളുടെ അപ് ലോഡ് വേഗം യഥാക്രമം 7.2 എംബിപിഎസ്, 5.8 എംബിപിഎസ്, 7.8 എംബിപിഎസ്, 4.3 എംബിപിഎസ് എന്നിങ്ങനെയാണ്.
വോഡഫോൺ ഐഡിയയെ പിന്നിലാക്കിയാണ് ഡൗൺലോഡ് വേഗതയിൽ ജിയോ മുന്നേറിയത്. അപ്ലോഡ് വേഗതയിൽ വോഡഫോണിന്റെ പിന്നിൽ തന്നെയുണ്ട് ജിയോ. ബിഎസ്എൻഎലിന്റെ ശരാശരി അപ്‌ലോഡ് വേഗം മേയ് മാസത്തിൽ 5 എംബിപിഎസ് ആയിരുന്നു. ഇതാണ് ജൂൺ ആയപ്പോൾ 4.3 ആയി കുറഞ്ഞത്. ഇവയൊന്നും ഇന്ത്യയിലെ യഥാർഥ കണക്കുകൾ അല്ലെന്നാണ് കരുതുന്നത്. ട്രായിയുടെ മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് വേഗത പരിശോധിക്കാനാകും. അപ്പോൾ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ.ഇത്തരത്തിൽ വിവരങ്ങൾ ലഭിക്കുന്ന മറ്റ് പ്ലാറ്റ്‌ഫോമുകളായ ഊക് ല, ഓപ്പൺ സിഗ്നൽ എന്നിവരും കണക്കുകൾ പുറത്തുവിടാറുണ്ട്.