കൊല്ലം: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചയാൾ രണ്ട് ഓട്ടോറിക്ഷകളിൽ സഞ്ചരിച്ചെന്ന് കണ്ടെത്തൽ. കൊല്ലത്തെ വീട്ടിൽ നിന്നും എൻഎസ് സഹകരണ ആശുപത്രിയിലേക്ക് ഒരു ഓട്ടോയിലും ആശുപത്രിയിൽ നിന്നും കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തേക്ക് മറ്റൊരു ഓട്ടോയിലുമാണ് പോയത്.
രണ്ട് ഓട്ടോ ഡ്രൈവർമാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, ബസ് സ്റ്റാന്‍റ് പരിസരത്ത് നിന്നും ടാക്സി വിളിച്ചാണ് രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോയത്. ഈ ടാക്സി ഡ്രൈവർ ആരെന്ന് കണ്ടെത്താനായിട്ടില്ല. അതേസമയം, എല്ലാ ജില്ലകള്‍ക്കും മങ്കിപോക്‌സ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വിമാനത്തിൽ സമ്പർക്കമുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്ജമാക്കും. മെഡിക്കല്‍ കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇ സമയം വൈകുന്നേരം 5 മണിക്കുള്ള ഷാര്‍ജ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് രോഗി എത്തിയത്. ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണം നടത്തണം. രോഗിയുമായി സമ്പർക്കം ഉണ്ടായ 16 പേർ സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലാണ്.
എമിഗ്രേഷന്‍ ക്ലിയറന്‍സ് ഉദ്യോഗസ്ഥരേയും രോഗിയുടെ ബഗേജ് കൈകാര്യം ചെയ്തവരേയും നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇ സമയം വൈകുന്നേരം 5 മണിക്കുള്ള ഷാര്‍ജ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ (6E 1402, സീറ്റ് നമ്പര്‍ 30 സി) എത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്തില്‍ 164 യാത്രക്കാരും 6 കാബിന്‍ ക്രൂബുമാണ് ഉണ്ടായിരുന്നത്.
അതില്‍ ഇദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ട് പട്ടികയിലുള്ളവരാണ്. ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണം നടത്തുകയും 21 ദിവസത്തിനകം എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.