IndiaNEWS

സിംഹങ്ങള്‍ക്ക് നരഭോജികളുടെ മുഖഭാവം; മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തെ ചൊല്ലി വിവാദം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത വെങ്കലത്തില്‍ തീര്‍ത്ത അശോകസ്തംഭത്തെ ചൊല്ലി വിവാദം പുകയുന്നു. ഭരണഘടനാ വിരുദ്ധമായിട്ടാണ് പ്രധാനമന്ത്രി ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തതെന്ന ആരോപണത്തിന് പിന്നാലെ അതിന്റെ രൂപകല്‍പന സംബന്ധിച്ചും വിമര്‍ശനങ്ങളുയരുന്നു. പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന് മുകളില്‍ സ്ഥാപിച്ച അശോകസ്തംഭത്തിലെ സിംഹങ്ങളുടെ പല്ലുകള്‍ പുറത്തുകാണുന്ന തരത്തിലാണ് എന്നതാണ് വിവാദങ്ങള്‍ക്കിടയാക്കിരിക്കുന്നത്. ദേശീയ ചിഹ്നത്തെ പരിഹാസ്യമാക്കി പരിഷ്‌കരിച്ചെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

യഥാര്‍ത്ഥ ദേശീയ ചിഹ്നത്തിലെ സിംഹങ്ങള്‍ക്ക് സൗമ്യഭാവമാണ് ഉള്ളത്. എന്നാല്‍ പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കാന്‍ പ്രധാനന്ത്രി അനാവരണം ചെയ്ത അശോകസ്തംഭത്തില്‍ സിംഹങ്ങള്‍ക്ക് നരഭോജികളുടെ മുഖഭാവമാണെന്ന് ആര്‍ജെഡി വിമര്‍ശിച്ചു. ഓരോ ചിഹ്നവും ഒരോ മനുഷ്യന്റെ ചിന്തയെ കാണിക്കുന്നു, ചിഹ്നങ്ങള്‍ മനുഷ്യന്റെ യഥാര്‍ത്ഥ സ്വഭാവം അറിയിക്കുന്നുവെന്നും ആര്‍ജെഡി ട്വിറ്റീല്‍ പരിഹസിക്കുന്നു.

Signature-ad

ദേശീയ ചിഹ്നം മാറ്റുന്നവരെ ദേശവിരുദ്ധര്‍ എന്ന് വിളിക്കണോ വേണ്ടയോ എന്ന് 130 കോടി ഇന്ത്യക്കാരോട് തനിക്ക് ചോദിക്കാന്‍ ആഗ്രഹമുണ്ടെന്ന് എഎപി രാജ്യസഭാ എംപി സഞ്ജയ് സിങ് ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി അനാവരണം ചെയ്ത അശോകസ്തംഭത്തെ ഗോഡ്സെയോടും യഥാര്‍ത്ഥ അശോക സ്തംഭത്തെ മഹാത്മാ ഗാന്ധിയോടുമാണ് മുതിര്‍ന്ന അഭിഭാഷകനും ആക്ടവിസ്റ്റുമായ പ്രഷാന്ത് ഭൂഷണ്‍ താരതമ്യം ചെയ്തത്. ‘ഗാന്ധി മുതല്‍ ഗോഡ്സെ വരെ; ഗാംഭീര്യത്തോടെയും സമാധാനത്തോടെയും ഇരിക്കുന്ന സിംഹങ്ങളുള്ള നമ്മുടെ ദേശീയ ചിഹ്നത്തില്‍ നിന്ന്, സെന്‍ട്രല്‍ വിസ്തയില്‍ നിര്‍മാണത്തിലിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മുകളില്‍ അനാച്ഛാദനം ചെയ്ത പുതിയ ദേശീയ ചിഹ്നം തുറന്നുകാട്ടപ്പെട്ട ദംഷ്ട്രകളുള്ള കോപാകുലരായ സിംഹങ്ങളോടെയാണ്. ഇതാണ് മോദിയുടെ പുതിയ ഇന്ത്യ’ – പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎമ്മും പ്രസ്താവനയില്‍ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ മൂന്ന് വിഭാഗങ്ങളായ എക്‌സിക്യൂട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും ഭരണഘടന സംശയരഹിതമായി വേര്‍തിരിച്ചിട്ടുണ്ട്. രാഷ്ട്രപതിയാണ് പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കുന്നത്. എക്‌സിക്യൂട്ടീവിന്റെ തലവനാണ് പ്രധാനമന്ത്രി. നിയമങ്ങള്‍ നിര്‍മ്മിക്കുക, എക്‌സിക്യൂട്ടീവിനെ പരിശോധനാവിധേയമാക്കുക തുടങ്ങി ലെജിസ്ലേച്ചറിന് പ്രവര്‍ത്തിക്കാന്‍ അതിന്റേതായ സ്വതന്ത്ര രീതിയുണ്ട്. ഈ മൂന്ന് വിഭാഗങ്ങള്‍ക്ക് ഭരണഘടന വേര്‍തിരിച്ചു നല്‍കിയ അധികാരങ്ങളെ ഇകഴ്ത്തുകയാണ് എക്‌സിക്യൂട്ടീവിന്റെ തലവനായ പ്രധാനമന്ത്രി ചെയ്തത്.

മാത്രമല്ല ചടങ്ങില്‍ പ്രധാനമന്ത്രി പൂജ നടത്തുകയും ചെയ്തു. എല്ലാ ഇന്ത്യാക്കാര്‍ക്കും അവരുടെ വിശ്വാസം ആചരിക്കാനും പിന്തുടരാനും ഭരണഘടന അവകാശവും സംരക്ഷണവും നല്‍കിയിട്ടുണ്ട്. ഇത് ഒഴിവാക്കാനാവാത്ത അവകാശമാണ്. അതേ സമയം ഭരണകൂടം ഏതെങ്കിലും വിശ്വാസത്തെയോ മതത്തെയോ പിന്തുടരുകയോ ആചരിക്കുകയോ ചെയ്യുന്നില്ലെന്ന് ഭരണഘടന അസനിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയെ സംരക്ഷിക്കുമെന്നും ഉയര്‍ത്തിപിടിക്കുമെന്നും അധികാരമേല്‍ക്കുമ്പോള്‍ എടുത്ത സത്യപ്രതിജ്ഞ കര്‍ക്കശമായി പാലിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും തയ്യാറാകണമെന്നും സിപിഎമ്മിന്റെ പ്രസ്താവനയില്‍ പറയുന്നു.

 

Back to top button
error: