LIFESocial Media

ഡ്രൈവറും കണ്ടക്ടറും എത്തുംമുമ്പേ മുന്നോട്ടുനീങ്ങി കെ.എസ്.ആര്‍.ടി.സി. ബസ്; ബ്രേക്ക് ചവിട്ടി നിര്‍ത്തി യുവതി

കൊച്ചി: തനിയേ മുന്നോട്ടുനീങ്ങിയ ബസ് ബ്രേക്ക് ചവിട്ടി നിര്‍ത്തി യാത്രക്കാരിയായ യുവതി. തുറവൂര്‍ സ്വദേശിനി രേഷ്നയുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വലിയ അപകടം. എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

കലൂരില്‍ താമസിക്കുന്ന രേഷ്ന തുറവൂരുള്ള തന്റെ കടയിലേക്ക് പോകാന്‍ ദിവസവും എറണാകുളം സ്റ്റാന്റില്‍ നിന്നാണ് ബസ് കയറാറ്. റെയില്‍വേയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ഭര്‍ത്താവ് അരുണിന് നേരത്തേ പോകേണ്ടിയിരുന്നതിനാല്‍ വ്യാഴാഴ്ച പതിവിലും മുമ്പേ എത്തിയെന്ന് രേഷ്ന പറയുന്നു.

Signature-ad

‘സ്റ്റാന്റില്‍ നിര്‍ത്തിയിരുന്ന ആലപ്പുഴ ബസില്‍ കയറിയ രേഷ്ന ഏറ്റവും മുന്നിലെസീറ്റിലായി ഇരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപത്തുപേരാണ് അപ്പോള്‍ ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവറും കണ്ടക്ടറും എത്തിയിരുന്നില്ല. പെട്ടെന്നാണ് ബസ് തനിയേ മുന്നോട്ടുനീങ്ങാന്‍ തുടങ്ങിയത്. സ്റ്റാന്റില്‍ അപ്പോള്‍ അത്യാവശ്യം ആളുകള്‍ ഉണ്ടായിരുന്നു. ബസിലിരുന്ന സ്ത്രീകളൊക്കെ നിലവിളിക്കാന്‍ തുടങ്ങി.

എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ബസ് ആളുകളുടെ ദേഹത്തോ ബസ് സ്റ്റേഷന്റെ മതിലിലോ ഇടിക്കുന്ന സാഹചര്യത്തില്‍ കമ്പിയുടെ അടിയിലൂടെ പെട്ടെന്ന് ഡ്രൈവര്‍ സീറ്റില്‍ കയറിയ രേഷ്‌ന ബ്രേക്ക് ചവിട്ടി വണ്ടി നിര്‍ത്തുകയായിരുന്നു. അപ്പോഴേക്കും കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും ഓടിയെത്തി.

ഡ്രൈവിങ് വിദഗ്ധയൊന്നുമല്ലെങ്കിലും മുമ്പ് കാറോടിക്കാന്‍ പഠിക്കുന്ന സമയത്ത് ഭര്‍ത്താവ് പറഞ്ഞുതന്ന ‘എ-ബി-സി’ അഥവാ ആക്സിലറേറ്റര്‍-ബ്രേക്ക്-ക്ലച്ച് എന്ന ഓര്‍ഡറാണ് ധൈര്യമായി ബ്രേക്ക് ചവിട്ടാനുള്ള ആത്മവിശ്വാസം തന്നതെന്ന് രേഷ്ന പറയുന്നു. ‘ഏറ്റവും മുന്നില്‍ ഞാന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒന്നും ചെയ്യാതെ നോക്കിനില്‍ക്കാനാവുന്ന സമയമായിരുന്നില്ല അത്.

ബ്രേക്ക് മാറി ആക്സിലറേറ്ററിലെങ്ങാന്‍ ചവിട്ടിയാല്‍ ഉടനേ മാറ്റിച്ചവിട്ടാമെന്ന് ഉറപ്പിച്ചാണ് ധൈര്യമായി കയറിയതും,’ രേഷ്ന പറഞ്ഞു. സന്ദര്‍ഭത്തിനൊത്തു പ്രവര്‍ത്തിച്ച രേഷ്നയുടെ നീക്കം വലിയൊരു അപകടത്തില്‍നിന്നാണ് കെ.എസ്.ആര്‍.ടി.സിയെയും യാത്രക്കാരെയും രക്ഷിച്ചത്.

Back to top button
error: