കനകദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി
മലപ്പുറം: ശബരിമല കയറിയ മലപ്പുറം അരീക്കോട് സ്വദേശിനി കനകദുര്‍ഗയും മനുഷ്യാവകാശ പ്രവര്ത്തകന് വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി.
ചിറ്റൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന വിവാഹച്ചടങ്ങില്‍ ഇരുവരുടെയും ഏതാനും സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിളയോടി ശിവന്‍കുട്ടിയുടെയും രണ്ടാം വിവാഹമാണിത്. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ ശബരിമല കയറി കനകദുര്‍ഗ ഏറെക്കാലം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മുന്‍ ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിവാഹമോചനം നേടുകയായിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്തിയശേഷം കനകദുര്‍ഗയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തള്ളിപ്പറഞ്ഞിരുന്നു.
പിന്നീട് നിയമപരമായ പോരാട്ടത്തിനൊടുവില്‍ കനകദുര്‍ഗയ്ക്കു ഭര്‍തൃവീട്ടില്‍ പ്രവേശിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഈസമയം വീട്ടുകാര്‍ മറ്റൊരിടത്തേക്ക് താമസം മാറ്റി. തുടര്‍ന്ന് പരസ്പരധാരണയില്‍ വിവാഹമോചനം നേടുകയായിരുന്നു.