ബെംഗളൂരു: പ്രമുഖ വാസ്തുശാസ്ത്ര വിദഗ്ധന്‍ ചന്ദ്രശേഖര്‍ ഗുരുജിയെ അജ്ഞാതര്‍ കുത്തിക്കൊന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കായി ചൊവ്വാഴ്ച രാവിലെ ഹോട്ടലില്‍ വന്ന ചന്ദ്രശേഖര്‍ ഗുരുജിയെ അജ്ഞാതരായ രണ്ടുപേര്‍ റിസപ്ഷനില്‍ വച്ചാണ് കുത്തിക്കൊന്നത്. കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ പ്രസിഡന്റ് ഹോട്ടലില്‍വെച്ചാണ് കൊലപാതകം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ആക്രമണം കണ്ട് ഭയന്ന് ഹോട്ടലിലെ വനിതാ ജീവനക്കാര്‍ അടക്കമുള്ളവര്‍ ഓടിമാറി. ചിലര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും കൊലയാളി സംഘത്തിലെ രണ്ടുപേരും ഇവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഹോട്ടലില്‍നിന്ന് കടന്നുകളയുകയായിരുന്നു.
ബഗല്‍ക്കോട്ട സ്വദേശിയായ ചന്ദ്രശേഖര്‍ ഗുരുജി വാസ്തുശാസ്ത്ര രംഗത്തെ പ്രമുഖനാണ്. സരള്‍വാസ്തു എന്ന പേരിലുള്ള സംരംഭത്തിന്റെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം.
കൊലപാതക വിവരമറിഞ്ഞ് ഹുബ്ബള്ളി പോലീസ് കമ്മീഷണര്‍ ലബ്ബുറാം അടക്കമുള്ളവര്‍ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ദാരുണമായ കൊലപാതകത്തിന്റെ കാരണമെന്താണെന്ന് അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും സംഭവത്തില്‍ കുടുംബാംഗങ്ങളുടെ അടക്കം മൊഴി രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.