ചണ്ഡീഗഡ്: ചണ്ഡീഗഡിൽ ചേര്‍ന്ന 42-ാം ജിഎസ്ടി കൗണ്‍സിൽ യോഗം അവസാനിച്ചു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നീട്ടുന്നതിൽ യോഗത്തിൽ തീരുമാനമായില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നഷ്ടപരിഹാരം നീട്ടാൻ ആവശ്യപ്പെട്ടിരുന്നു. ഓൺലൈൻ ഗെയിമുകൾക്കും ചൂതാട്ട കേന്ദ്രങ്ങൾക്കും 28% നികുതി ചുമത്തുന്നതിൽ തീരുമാനം പിന്നീട് എടുക്കും. ചില ഉൽപ്പന്നങ്ങൾക്ക് കൂടി നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം ജൂലൈ 18 മുതൽ പ്രാബല്യത്തിൽ വന്നേക്കും. രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നികുതി ഏർപ്പെടുത്തുന്നതിനെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്.
ജിഎസ്.ടി വരുമാനത്തിൽ കുറവുള്ള സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം തുടരണമെന്ന് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതായി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ധനമന്ത്രി നിര്‍മലാ സീതാരാമൻ പറഞ്ഞു. ചില സംസ്ഥാനങ്ങൾ നഷ്ട പരിഹാരം തുടരേണ്ടതില്ല എന്ന നിലപാടാണ് സ്വീകരിച്ചതെന്നും അവര്‍ വ്യക്തമാക്കി. ഇക്കാര്യത്തിൽ തീരുമാനത്തെക്കുറിച്ച് ഇപ്പോൾ കൂടുതലായി ഒന്നും പറയാനില്ലെന്നും ധനമന്ത്രി പറഞ്ഞു.
ഓൺലൈൻ ഗെയിം, ചൂതാട്ട കേന്ദ്രങ്ങൾക്കും , ലോട്ടറിക്കുമുള്ള നികുതി വിഷയത്തിൽ മന്ത്രിതല സമിതി വീണ്ടും പഠനം നടത്തുമെന്നും ജൂലൈ 15-ന് റിപ്പോർട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് തുടക്കത്തിൽ ജിഎസ്ടി കൗൺസിലിൻ്റെ അടുത്ത യോഗം ചേരും. ഇന്നത്തെ യോഗത്തിൽനാല് മന്ത്രിതല സമിതികൾ റിപ്പോർട്ടുകൾ സമർപ്പിച്ചെന്നും മന്ത്രി പറഞ്ഞു.