KeralaNEWS

പിണറായിക്ക് മറുപടിയുമായി ഷാഫി “ഡിവൈഎഫ്ഐക്കാർ തലയറുത്ത ഗാന്ധി പ്രതിമ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നുണ്ട്”

തിരുവനന്തപുരം: വാർത്താ സമ്മേളനത്തിൽ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും പ്രതിപക്ഷ നേതാവിനെയും വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഷാഫി പറമ്പിൽ എംഎൽഎ. 37 ദിവസത്തിന് ശേഷം വാർത്താ സമ്മേളനം നടത്തിയ മുഖ്യമന്ത്രിയാണ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് ഉപദേശിക്കുന്നതെന്ന് ഷാഫി പറഞ്ഞു.

മാധ്യമങ്ങളോട് കടക്ക് പുറത്ത് പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ വിമർശിക്കുന്നത് കൌതുകമാണ്. ഗന്ധിയെ വീണ്ടും വീണ്ടും വധിക്കുന്ന ആർഎസ്എസ് രീതി ഡിവൈഎഫ്ഐയടങ്ങുന്ന മുഖ്യമന്ത്രിയുടെ പാർട്ടിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു.

Signature-ad

  • ഷാഫി പറമ്പിലിന്റെ വാക്കുകൾ

37 ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. എന്നിട്ട് പ്രതിപക്ഷ നേതാവിന് ഉപദേശം, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറരുത് എന്ന്.  ഇതിന് പുറമെ ചരിത്രത്തിൽ ഇല്ലാത്ത വിധം നിയമസഭയിൽ മാധ്യമങ്ങൾക്ക് വിലക്ക്. സഭാ ടിവി സംപ്രേഷണം ചെയ്യുന്ന ദൃശ്യങ്ങൾ മാത്രം നൽകാം. അത് നിങ്ങൾക്ക് വേണ്ടവ മാത്രം. ആരാണിതിന് നിർദേശം നൽകിയത്. കേരളത്തിലെ മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് ആരാണ്.

45 മിനുട്ട് അങ്ങ് പത്ര സമ്മേളനം നടത്തി റേഡിയോ തുറന്നുവച്ചതുപോലെ. അങ്ങയ്ക്ക് വേണ്ട രണ്ട് ചോദ്യങ്ങൾക്ക് മറുപടി നൽകി. ബാക്കിയുള്ള എല്ലാ ചോദ്യങ്ങൾക്കും കൂടി അഞ്ചോ ആറോ മിനുട്ട്. ഒരു മണിക്കുർ 20 മിനുട്ട് പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി. അതിൽ താങ്കളയച്ച മാധ്യമപ്രവർത്തകർക്കടകം 50 മിനുട്ട് ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

കടക്ക് പുറത്തെന്ന് മാധ്യമപ്രവർത്തകരോട് ആക്രോഷിച്ചയാൾ പ്രതിപക്ഷ നേതാവ് മാധ്യമ പ്രവർത്തരോട് ഇടപെടുന്നതിനെ വിമർശിക്കുന്നത് കാണാൻ കൌതുകമുണ്ട്. ആർഎസ്എസ് പ്രായോഗികമായി ചെയ്തതാണ് പോലും കോൺഗ്രസ് പ്രതീകാത്മകമായി ചെയ്തത്. അങ്ങയുടെ ജില്ലയായ കണ്ണൂരിലെ പയ്യന്നൂരിൽ നിന്ന് രണ്ട് ഡിവൈഎഫ്ഐ കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റമെന്താണെന്ന് അങ്ങയ്ക്കറിയാം. ഗാന്ധി പ്രതിമയുടെ തലയറുത്തുമാറ്റി അവിടെ ചെങ്കല്ല് സ്ഥാപിച്ചു. അവരെയാണ് അങ്ങയുടെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വന്നത്.

ഗാന്ധിയെ വീണ്ടും വീണ്ടും വധിക്കുന്ന ആർഎസ്എസ് ശൈലി കേരളത്തിൽ പിന്തുടരുന്നത് ചുവപ്പ് നരച്ച് കാവിയായ ഡിവൈഎഫ്ഐ അടക്കമുള്ള അങ്ങയുടെ പാർട്ടിയിലെ അണികളാണ് എന്നിരിക്കെ, ആർഎസ്എസ് വിരുദ്ധതയുടെ കാര്യത്തിലും മാധ്യമങ്ങളോടുള്ള നിലപാടിന്റെ കാര്യത്തിലും അങ്ങ് ഞങ്ങളെ ഉപദേശിക്കരുത്. അങ്ങയ്ക്ക് കൂടുതൽ മനസിലാകാൻ, ഡിവൈഎഫ്ഐക്കാർ നശിപ്പിച്ച ഗാന്ധി പ്രതിമ യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നുണ്ട്. നിയമസഭയുടെ മുന്നിൽ അങ്ങയ്ക്ക് ഞങ്ങളത് സമർപ്പിക്കും.

Back to top button
error: