NEWS

മുസാഫര്‍പൂരിലെ താജ്മഹൽ;ആറടി മണ്ണിലെ അത്ഭുത വീട്

ലോകത്തെ മറ്റേതിനേക്കാളും വിലമതിക്കുന്നതാണ് പ്രണയ സമ്മാനം. അതുകൊണ്ടാണ് താജ്മഹല്‍ ഇന്നും അനശ്വരപ്രണയത്തിന്റെ കെടാവിളക്കായി കത്തുന്നത്.
കുറേ ദിവസമായി മറ്റൊരു പ്രണയസമ്മാനം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്.ആറടി വീതിയുള്ള ഭൂമിയില്‍ നിര്‍മിച്ച അഞ്ച് നില വീടാണാണ് പുതിയ പ്രണയവിസ്മയം.മുസാഫര്‍പൂരിലെ സന്തോഷാണ് ഭാര്യ അർച്ചനയ്ക്കായി ഈ അപൂര്‍വ സൗധം നിര്‍മിച്ചത്.
വെറും ആറടി ഭൂമിയില്‍ പണിത ഈ ‘പ്രണയ കൊട്ടാരത്തിന്റെ’ ഓരോ കോണിലും വിസ്മയിപ്പിക്കുന്ന ചാരുത കാണാം.സെല്‍ഫിയെടുക്കാന്‍ ആളുകള്‍ ഈ വീടിനു മുന്നില്‍ എത്തുന്നു. മുസാഫര്‍പൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഈ വീട് വളരെ പെട്ടെന്ന് തന്നെ പ്രശസ്തമായതോടെ നാട്ടുകാര്‍ ഇതിനെ ‘ഈഫല്‍ ടവര്‍'(ഉയരം കാരണം) എന്ന് വിളിക്കുന്നു.
വീടിന്റെ നിര്‍മാണം തുടങ്ങിയപ്പോള്‍ എല്ലാവരും കളിയാക്കുകയായിരുന്നെന്ന് സന്തോഷ് പറഞ്ഞു.ഇന്ന് സ്ഥിതി മാറി. ആളുകള്‍ ഈ വീടിന്റെ ഘടനയെ, അതിന്റെ മുറികളുടെ വാസ്തുവിദ്യയെപ്പോലും പ്രശംസിക്കുന്നത് കാണാം. മുസാഫര്‍പൂരിലെ ‘ഈഫല്‍ ടവര്‍’ എന്ന് വിളിക്കുന്ന ഈ വീട് ഇപ്പോള്‍ ഈ നഗരത്തിന്റെ പ്രശസ്തമായ സെല്‍ഫി പോയിന്റായി മാറിയിരിക്കുകയാണ്.
വിവാഹശേഷമാണ് സന്തോഷും അർച്ചനയും ആറടി വീതിയും 45 അടി നീളവുമുള്ള ഈ സ്ഥലം വാങ്ങിയത്. എന്നാല്‍ ഭൂമിയുടെ വീതി ആറടി മാത്രമായതിനാല്‍ വര്‍ഷങ്ങളായി ഇവിടെ നിര്‍മാണമൊന്നും നടത്തിയില്ല. ഭൂമി വില്‍ക്കാന്‍ പലരും ഉപദേശിക്കുകയും ചെയ്ത.എന്നാല്‍ വിവാഹത്തിന്റെ സ്മാരകമായ ഈ ഭൂമിയില്‍ ഒരു വീട് നിര്‍മിക്കാന്‍ ഇരുവരും ആഗ്രഹിച്ചു.ഇതിനായി സന്തോഷ് സ്ഥലത്തിന്റെ രേഖകളും ചിത്രവുമായി നഗരസഭയിലെത്തി, കോര്‍പറേഷനിലെ എന്‍ജിനീയറുടെ അടുത്ത് കൊണ്ടുപോയി പാസാക്കി. 2012-ലാണ് പാസാക്കി കിട്ടിയത്. 2015-ലാണ് ഈ വീട് പൂര്‍ത്തീകരിച്ചത്.

Back to top button
error: