NEWS

അഗ്നിപഥിനെതിരെ പ്രതിഷേധം രാജ്യ വ്യാപകമാകുന്നു;35 തീവണ്ടികള്‍ റദ്ദാക്കി

പട്‌ന-എറണാകുളം വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ് എന്നിവയും റദ്ദാക്കിയവയിൽ ഉൾപ്പെടും

ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സൈനിക റിക്രൂട്ട്‌മെന്റ് നയമായ അഗ്നിപഥിനെതിരെ ബിഹാറില്‍ തുടങ്ങിയ പ്രതിഷേധം രാജ്യ വ്യാപകമാകുന്നു.ഏഴ് സംസ്ഥാനങ്ങളിൽ ആക്രമണം രൂക്ഷമായതോടെ 35 തീവണ്ടികൾ റദ്ദാക്കിയിട്ടുണ്ട്.
നാളെ കേരളത്തിലൂടെ സര്‍വീസ് നടത്തേണ്ട രണ്ട് ട്രെയിനുകളും റദ്ദാക്കിയവയിൽ ഉൾപ്പെടും.പട്‌ന-എറണാകുളം വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ ‘അഗ്നിപഥ്’നെതിരെ രാജ്യത്തുടനീളം കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. ഇന്ന് ഏഴ് സംസ്ഥാനങ്ങളെങ്കിലും ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ആദ്യം ബീഹാറില്‍ തുടങ്ങിയ പ്രതിഷേധം പിന്നീട് ഉത്തര്‍ പ്രദേശിലേക്കും അവിടെ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും പടരുകയായിരുന്നു.
ഇവിടങ്ങളിൽ പോലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടുന്നത് തുടരുകയാണ്. നിരവധി തീവണ്ടികള്‍ക്ക് സമരക്കാര്‍ തീവച്ചു.ബസുകളും കത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പോലീസ് സ്‌റ്റേഷനുകള്‍ക്കും നേരെയും ആക്രമണമുണ്ടായി.തെലങ്കാനയില്‍ ഒരു യുവാവ് പോലീസ് വെടിയേറ്റ് മരിച്ചു.
സമരത്തിനിടെ തെലങ്കാനയിലെ സെക്കന്തരാബാദിലാണ് ഒരാള്‍ വെടിയേറ്റ് മരിച്ചത്.15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.അതേസമയം, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഹരിയാന, മധ്യപ്രദേശ്, ഒഡീഷ തുടങ്ങി ഒട്ടേറെ സംസ്ഥാനങ്ങളില്‍ സമരം കൂടുതൽ സംഘര്‍ഷത്തിലേക്ക് വഴി മാറിയിട്ടുണ്ട്.
ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.ബിഹാറില്‍ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ രേണു ദേവിയുടെ വീട് ആക്രമിക്കപ്പെട്ടു. വെസ്റ്റ് ചമ്ബാരന്‍ ജില്ലയിലാണ് ഉപമുഖ്യമന്ത്രിയുടെ വീട്.ഈ മേഖലയില്‍ ശക്തമായ സമരമാണ് നടക്കുന്നത്.

Back to top button
error: