NEWSWorld

കൊവിഡ് മൂലം മടങ്ങി വന്നത്17 ലക്ഷം പ്രവാസികൾ, ഒരു രൂപ പോലും കേന്ദ്രം ചെലവാക്കിയില്ലെന്ന് മുഖ്യമന്ത്രി

   കൊവിഡ് കാലത്ത് മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കേന്ദ്രം ഒരു രൂപ പോലും ചെലവാക്കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 17 ലക്ഷം പ്രവാസികളാണ് കൊവിഡ് കാലത്ത് മടങ്ങിവന്നത്. പ്രവാസികളോട് സംസ്ഥാന സർക്കാരിന് വലിയ ഉത്തരാവാദിത്തമുണ്ട്. മടങ്ങി വരുന്ന പ്രവാസികളുടെ ഡാറ്റ ശേഖരണം അനിവാര്യമാണ്. സമ​ഗ്രമായ കുടിയേറ്റ നിയമം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന പരിപാടിയിലെ മുഖ്യമന്ത്രിയുടെ സന്ദേശത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ആണ് മുഖ്യമന്ത്രിക്കായി സന്ദേശം വായിച്ചത്.

ലോക കേരള സഭയിലെ ചർച്ചകളിൽ സംസ്ഥാന തലത്തിൽ പരിഹാരം കാണേണ്ടവ വേഗത്തിൽ പരിഹരിക്കും. ദേശീയ-അന്തർദേശീയ തലത്തിൽ പരിഹാരം കാണേണ്ടവ സംബന്ധിച്ച ശുപാർശ സംസ്ഥാനം നൽകും. പ്രവാസി സമൂഹത്തിന്‍റെ പണം മാത്രമല്ല അവരുടെ പങ്കാളിത്തവും ആശയങ്ങളും എല്ലാമാണ് ലോക കേരള സഭകൊണ്ട് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തിൽ വ്യക്തമാക്കി.

Signature-ad

മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ഡാറ്റ ശേഖരണം നടത്തും. പുനരധിവാസത്തിന് ഇത് അനിവാര്യമാണ്. പ്രവാസികളുടെ പങ്കാളിത്തത്തോടെ ദീർഘകാല വികസന നയ സമീപനങ്ങളാണ് സർക്കാർ നടത്തുന്നത്. പുതിയ കർമ്മ പദ്ധതികൾ വേണമെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തിൽ പറയുന്നു.

ആരോ​ഗ്യ പ്രശ്നങ്ങൾ മൂലമാണ് മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത്. ലോക കേരള സഭയ്ക്കെതിരെ പ്രതിപക്ഷം വിമർശനമുന്നയിച്ചിരുന്നു. പ്രതിപക്ഷ വിമർശനത്തിനെതിരെ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലിയും, സ്പീക്കർ എം.ബി രാജേഷും പ്രതികരിച്ചു. പ്രവാസികൾ അതിഥികളാണ് അവരെ അപമാനിക്കരുത്, ഇത്തരം പ്രചരണങ്ങൾ നിർഭാഗ്യകരമാണെന്നും അത് അവസാനിപ്പിക്കണമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.

പ്രവാസികള്‍ വന്ന് ആഹാരം കഴിക്കുന്നത് ധൂര്‍ത്താണോയെന്ന് എം.എ യൂസഫലി ചോദിച്ചു. എല്ലാം നെഗറ്റീവ് ആയി കാണുന്ന ചിലരുണ്ട്. കഴിഞ്ഞ ലോക കേരള സഭയെക്കുറിച്ചും ഇപ്പോഴും ആവശ്യമില്ലാത്ത പ്രചാരണം നടക്കുന്നുണ്ട് എന്നുമായിരുന്നു എം.എ യൂസഫലിയുടെ പ്രതികരണം.

Back to top button
error: