തൃശൂര്‍: പോലീസ് ചമഞ്ഞ് ബൈക്ക് യാത്രക്കാരില്‍നിന്നു പണം തട്ടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പുത്തന്‍ചിറ സ്വദേശി വാഴയ്ക്കാമടം സുല്‍ത്താന്‍ കരീമാണ് അറസ്റ്റിലായത്. തൃശൂര്‍ മാളയില്‍ വ്യാഴാഴ്ച വൈകീട്ടാണ് ഇയാള്‍ പോലീസ് ചമഞ്ഞെത്തി യുവാക്കളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചത്. മാള സ്റ്റേഷന് സമീപത്തുള്ള യഹുദ ശ്മാശനത്തിന് മുമ്പില്‍ വെച്ചായിരുന്നു സംഭവം.
സഞ്ജയ് രവീന്ദ്രന് എന്ന യുവാവും രണ്ട് സുഹൃത്തുക്കളും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ കാറില്‍ എത്തിയ സുല്‍ത്താന്‍ കരീം ഇവരോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എസ്ഐ ആണെന്ന് പരിചയപ്പെടുത്തിയ സുല്‍ത്താന്‍ കരീം ബൈക്കില്‍ മൂന്ന് പേര് സഞ്ചരിച്ചതിന് പെറ്റിയടിക്കാന്‍ ആവശ്യപ്പെട്ടു.
സുല്‍ത്താന്‍ കരീമിന്റെ നടപടിയില്‍ സംശയം തോന്നിയ യുവാക്കള്‍ പോലീസിനെ വിവരം അറിയിച്ചു. യുവാക്കള്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചതോടെ സുല്‍ത്താന്‍ കരീം അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഇന്ന് പിടികൂടിയത്.