കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ഫ്ളാറ്റില്‍നിന്ന് സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഷാജ് കിരണ്‍ എഡിജിപി അജിത്കുമാറിനെ ഏഴ് തവണ വിളിച്ചതായി കണ്ടെത്തല്‍. ഈ മാസം എട്ടിന് രാവിലെ 11നും 1.30 നും ഇടയിലാണ് വിജിലന്‍സ് ഡയറക്ടര്‍ അജിത് കുമാറുമായി ഏഴ് തവണ ഷാജ് കിരണ്‍ ആശയവിനിമയം നടത്തിയത്. ഷാജ് അജിത് കുമാറിനെ മൂന്ന് തവണ അങ്ങോട്ടും നാല് തവണ തിരിച്ചും വിളിച്ചതായി രേഖകള്‍ പുറത്ത് വന്നു.
ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിന് തൊട്ടുപിന്നാലെ നടത്തിയ ഫോണ്‍ കോള്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഫോണ്‍ കോളുകളെല്ലാം രണ്ട് മിനിറ്റില്‍ കൂടുതലുണ്ട്.
ഷാജ് കിരണും അജിത് കുമാറും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയങ്ങള്‍ നടന്നിട്ടില്ല എന്നാണ് ഇരുവരും പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദം പൊളിച്ചുകൊണ്ട് നിലവില്‍ ഫോണ്‍ രേഖകള്‍ പുറത്ത് വന്നിരിക്കുന്നത്. സ്വപ്നാ സുരേഷ് രഹസ്യമൊഴി നല്കിയ ദിവസം ഷാജ് ബിലീവേഴ്സ് ചര്‍ച്ച് വക്താവിനെ വിളിച്ചതായും ഫോണ്‍ രേഖയില്‍ കണ്ടെത്തി.