IndiaNEWS

നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ല, സമയം നീട്ടി നൽകണം; ഇഡിക്ക് കത്ത് നൽകി രാഹുൽ ഗാന്ധി

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ നാളെ നിശ്ചിയിച്ചിരിക്കുന്ന ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് രാഹുല്‍ ഗാന്ധി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെ അറിയിച്ചു. ചോദ്യം ചെയ്യൽ തിങ്കളാഴ്ച്ചത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടും രാഹുൽ ഇ ഡിക്ക് കത്ത് നൽകി. തുടർച്ചയായ മൂന്ന് ദിവസം രാഹുലിനെ ചോദ്യം ചെയ്ത ഇ ഡി ഇന്നത്തെ ദിവസം ഇടവേള നൽകിയാണ് നാളത്തേക്ക് ചോദ്യം ചെയ്യൽ വച്ചത്. മൂന്ന് ദിവസം തുടർച്ചയായി ഹാജരായ കോൺഗ്രസ് മുൻ അധ്യക്ഷന്‍റെ ആവശ്യത്തോട് ഇ‍ഡി എങ്ങനെ പ്രതികരിക്കും എന്നത് കണ്ടറിയണം.

അതേസമയം രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുന്നതിലെ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്. ഇ ഡിയുടെ ചോദ്യം ചെയ്യൽ ദിവസങ്ങളുടെ എണ്ണം കൂടാനുള്ള സാധ്യതയാണ് കോൺഗ്രസ് നേത‍ൃത്വം കാണുന്നത്. കേന്ദ്രസര്‍ക്കാ‍ർ നടപടി കടുപ്പിക്കുമ്പോള്‍ പ്രതിഷേധം സജീവമാക്കി നിലനിർത്താനാണ് നിര്‍ത്താനാണ് എ ഐ സി സി ആസ്ഥാനത്ത് ചേര്‍ന്ന നേതൃയോഗത്തിൽ ധാരണയായത്. രാഹുലിന്‍റെ അറസ്റ്റുണ്ടായാല്‍ രാജ്യത്തുടനീളം പ്രതിഷേധം കടുപ്പിക്കും.

Signature-ad

മുന്‍കൂര്‍ ജാമ്യത്തിന് പോകേണ്ടതില്ലെന്ന രാഹുലിന്‍റെ നിര്‍ദ്ദേശവും രാഷ്ട്രീയമായി
നേരിടാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്. ഞായറാഴ്ച മുഴുവന്‍ എം പിമാരും ദില്ലിയിലെത്തണമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക വസതികളില്‍ പത്ത് പ്രവര്‍ത്തകരെ താമസിപ്പിച്ച് പ്രതിഷേധം നടത്തണം. പൊതു പ്രതിഷേധത്തില്‍ പങ്കെടുക്കാനനുവദിക്കാത്ത ദില്ലി പൊലീസ് നടപടി കൂടി കണക്കിലെടുത്താണ് പ്രതിരോധം കടുപ്പിക്കാനുള്ള തീരുമാനം.

അതിനിടെ എ ഐ സി സി ആസ്ഥാനത്ത് കയറി നേതാക്കളേയും എം പിമാരേയും കസ്റ്റഡിയിലെടുത്ത ദില്ലി പൊലീസിന്‍റെ നടപടിക്കെതിരെ കോണ്‍ഗ്രസ് എം പിമാര്‍ സ്പീക്കറെ നേരില്‍ കണ്ട് പരാതി അറിയിച്ചു.ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിലാണ് സ്പീക്കറെ കണ്ട് പരാതി അറിയിച്ചത്. ദില്ലി പൊലീസിന്‍റെ ക്രൂരത സ്പീക്കറോട് വിശദീകരിച്ചെന്നാണ് നേതാക്കൾ ശേഷം വിവരിച്ചത്. എ ഐ സി സി ആസ്ഥാനത്ത് പൊലീസ് അതിക്രമിച്ച് കയറിയതിലെ പ്രതിഷേധവും അറിയിച്ചു.

തീവ്രവാദികളെ നേരിടുന്ന പോലെയാണ് പൊലീസ് പെരുമാറിയത്. കോൺഗ്രസ് നേതാക്കളും, എംപിമാരുമാണെന്ന പരിഗണന നൽകിയില്ല. മോദിയും അമിത് ഷായും രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു എന്നും നേതാക്കൾ വിവരിച്ചു. പൊലീസ് അതിക്രമത്തിന്‍റെ ദൃശ്യങ്ങൾ കൊടിക്കുന്നിൽ സുരേഷ് സ്പീക്കറെ കാണിച്ചു. രാഹുൽ ഗാന്ധിയോടുള്ള ഇ ഡിയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം സ്പീക്കറുടെ ശ്രദ്ധയിൽ പെടുത്തിയെന്നും യംഗ് ഇന്ത്യയുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങൾ രാഹുൽ ഇ ഡി യോട് പറയുന്നുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.

Back to top button
error: