തിരുവനന്തപുരം: ജുമാ മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ നമസ്കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് മയ്യില്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് നോട്ടിസ് നല്കിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുകയാണെന്നും മുഖ്യമന്ത്രി.
ഇത്തരത്തിലുള്ള ഒരു നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണ്. മയ്യില്‍ എസ് എച്ച് ഒ സര്‍ക്കാര്‍ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നല്‍കിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയില്‍ നിന്ന് ഡി ജി പി മാറ്റിയിട്ടുണ്ട്. രാജ്യത്ത് വലിയതോതില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തില്‍ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്.
ജുമാ മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാര്‍ദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തില്‍ സഹകരിണമെന്നഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ നമസ്കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങള്‍ നിയന്ത്രിക്കണമെന്നും പള്ളികളില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിലുള്ള പ്രഭാഷണങ്ങളുണ്ടായാല്‍ നടപടിയുണ്ടാകുമെന്നായിരുന്നു എസ് എച്ച് ഒയുടെ മുന്നറിയിപ്പ്. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.
സര്‍ക്കുലര്‍ സംബന്ധിച്ച് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്. ഇളങ്കോ എസ്എച്ച്ഒയോട് വിശദീകരണം ചോദിച്ചിരുന്നു. നബി വിരുദ്ധ പരാമര്‍ശ വിവാദ സമയത്ത് ജില്ലയില്‍ ഇമാം കൗണ്‍സിലിന്റെ പ്രതിഷേധം ഉണ്ടായിരുന്നു. മറ്റ് പ്രശ്നങ്ങളുണ്ടാകാതെ നോക്കണം എന്ന കമ്മീഷണറുടെ മുന്നറിയിപ്പ് കിട്ടി. മഹല്ല് കമ്മറ്റികള്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കാനായിരുന്നു കമ്മീഷണര്‍ അറിയിച്ചത്. എന്നാല്‍ നോട്ടീസ് നല്‍കിയത് തനിക്ക് പറ്റിയ പിഴവാണെന്നു വ്യക്തമാക്കി എസ്എച്ച്ഒ രംഗത്തെത്തിയിരുന്നു.