KeralaNEWS

വിമാനത്തിലെ പ്രതിഷേധം: പ്രതികളെ 27 വരെ റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധമുയര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നവീന്‍ കുമാറിനെയും ഫര്‍സിന്‍ മജീദിനെയും ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഇരുവരുടെയും ജാമ്യ ഹര്‍ജിയില്‍ നാളെയും വാദം തുടരും.

മുഖ്യമന്ത്രിക്കെതിരെ നടന്നത് വധ ശ്രമമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഇപി ജയരാജന്‍ തടഞ്ഞില്ലായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധിച്ചേനെയെന്നും പ്രതികളെ പുറത്തുവിടുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വിശദീകരിച്ചു.

Signature-ad

എന്നാല്‍ കൈയില്‍ മൊട്ടുസൂചി പോലും ഇല്ലാതെ എങ്ങനെ വധശ്രമം നടത്തുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചു. വധശ്രമം നടന്നത് ഇപി ജയരാജന്റെ ഭാഗത്തുനിന്നാണെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കാത്തത് തെറ്റായ സന്ദേശമാണെന്നും പ്രതിഭാഗം ആരോപിച്ചു.

മുഖ്യമന്ത്രിയെ വിമാനത്തില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കന്റോണ്‍മെന്‍ിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കന്റോണ്‍മെന്റ് ഹൗസിലേക്ക് ചാടിക്കയറിയ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കന്റോണ്‍മെന്റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയതിനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. പ്രതിപക്ഷനേതാവിന്റെ വസതി അതീവസുരക്ഷാ മേഖലയാണെന്നും പൊലീസ് വ്യക്തമാക്കി.

Back to top button
error: