NEWS

പറവൂർ ഭരതൻ എന്ന നാടൻ ചിരി

‘ചതിച്ചു അങ്ങുന്നെ ചതിച്ചു……ഇത്രയും കാലം ഞാന്‍ ഇതുവഴി നടന്നിട്ടും അങ്ങനെയൊരു മരം അവിടെ നില്‍ക്കുന്നത് കണ്ടിട്ടില്ല…!”
ളരിക്കല്‍ ശങ്കുണ്ണി മേനോന്റെ ഒരേയൊരു കാര്യസ്ഥനായ, അബദ്ധം  പിണയുന്ന മീശയില്ലാ  വാസുവിനെ ‘മഴവില്‍ ക്കാവടി’ എന്ന ചിത്രത്തില്‍ എത്ര കണ്ടാലും ആവര്‍ത്തനവിരസത  അനുഭവപ്പെടാറില്ല  നമ്മള്‍ പുതുതലമുറയ്ക്ക്…! മലയാളികള്‍ തല തല്ലി ചിരിച്ച തമാശരംഗങ്ങളില്‍ ചാര്‍ത്തിനല്‍കിയ കയ്യൊപ്പ് മാത്രമല്ല പറവൂര്‍ ഭരതന്‍  എന്ന  അഭിനേതാവിനുള്ളത് …ഒരു നോട്ടം കൊണ്ട്പോലും ഭയം ജനിപ്പിക്കുന്ന വില്ലന്‍ വേഷങ്ങള്‍ ഒരു ഇടവേളയ്ക്ക് ശേഷം അഴിച്ചു വെച്ചിട്ടാണ്  ആ പുതിയ അവതാരത്തിലേക്ക് രംഗപ്രവേശനം ചെയ്തതെന്ന്  കുറച്ചു പഴയ തലമുറയോട് ചോദിച്ചാല്‍ വ്യക്തമാക്കി തരും…..അതായിരുന്നു പറവൂര്‍ മുത്തംകുന്നു കരയില്‍  വാവക്കാട് എന്നാ സ്ഥലത്ത്  ജനിച്ച ഭരതന്‍ എന്ന പറവൂര്‍ ഭരതന്‍…..
1928 ല്‍ വടക്കേക്കരയില്‍ കൊച്ചണ്ണന്‍ കോരന്‍ എന്നാ തെങ്ങ് ചെത്ത് തൊഴിലാളിയുടെയും കറുമ്പകുട്ടിയമ്മയുടെയും മകനായി പിറന്ന ഭരതന്  പിതൃവാത്സല്യത്തിന്റെ മധുരം ബാല്യത്തിലെ നഷ്ട്ടപ്പെട്ടു….അച്ഛന്‍ മരിച്ചതോടെ കുടുംബഭാരം കയര്‍തൊഴിലാളിയായ അമ്മയുടെ ചുമലിലായി…
ആ കാലഘട്ടത്തില്‍ സ്കൂളില്‍ ഏകാഭിനയത്തിന്റെ വൈദഗ്ദ്യം പ്രകടിച്ച ( ഇന്നത്തെ മോണോ ആക്ട് ) ഒരു മത്സരത്തില്‍ ഉള്ളിലെ കഴിവുകള്‍ ഭരതന്‍ ഊതിക്കാച്ചിയെടുത്ത് ഒരു തെങ്ങ്കയറ്റ തൊഴിലാളിയിടെ വേഷത്തിലേക്ക്  ആവാഹിച്ചപ്പോള്‍ ഇവനില്‍ ഒരു നടനുണ്ട് എന്ന് സദസ്യര്‍ തിരിച്ചറിയുകയായിരുന്നു…..അന്ന്‍ കാഥികന്‍ കേടമംഗലം സദാനന്ദനോക്കെ  അരങ്ങു തകര്‍ക്കുന്ന സമയമാണ്….കുട്ടികളുടെ കഴിവുകളെ ആവോളം പ്രോത്സാഹിപ്പിക്കാന്‍ താത്പര്യപ്പെടുന്ന  കുറച്ചു നല്ല മനസ്സുകള്‍ ഭരതനെ അദ്ദേഹത്തിന്റെ അടുക്കലെത്തിക്കാന്‍ താമസിച്ചില്ല….അവിടെ നിന്നും ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങള്‍ വിളങ്ങി നില്‍ക്കുന്ന നാടകകളരിയിലേക്ക് ആദ്യ കാല്‍വെയ്പ്പ്….!!
1940 ന്‍റെ ആരംഭത്തിലാണ്‌ ……..’പുഷ്പിത’ എന്ന നാടകസംഘത്തിലായിരുന്നു തുടക്കം……തുടര്‍ന്ന് ഉദയകേരള എന്നാ നാടക സമിതി….പറവൂരും പരിസര പ്രദേശങ്ങളിലും അവയുടെ നിരവധി വേദിയുണര്‍ന്നപ്പോള്‍ സജീവ സാന്നിധ്യമായി മാറാന്‍ അദ്ദേഹത്തിന് അധികകാലം വേണ്ടി വന്നില്ല….പുഷ്പിണി എന്ന നാടകത്തിലെ ജന്മിയുടെ വേഷം ഇന്നും അവിടെത്തെ പഴയ തലമുറയ്ക്ക് ഓര്‍മ്മയുണ്ടാകും…. തുടര്‍ന്ന്  മുട്ടത്ത് വര്‍ക്കി എഴുതിയ ഒരു നാടകം ഏറെ ശ്രെദ്ധിക്കപ്പെട്ടു…പതുക്കെ ചലച്ചിത്രലോകത്തേക്കുള്ള വാതിലുകള്‍ തുറക്കുകയായിരുന്നു…..
‘രക്തബന്ധം എന്ന നാടകം സിനിമയക്കിയപ്പോള്‍ അതിലൊരു വേഷം ഭരതും ലഭിച്ചു…എല്ലാ നടന്മാര്‍ക്കും ഉണ്ടാവുമല്ലോ അവരുടെ കരിയറില്‍ ഏറെ ശ്രേദ്ധ നല്‍കിയ ഒരു മികച്ച കഥാപാത്രം…അതായിരുന്നു പറവൂര്‍ ഭരതന് എന്ന  അഭിനേതാവിനു കെ കൃഷ്ണന്‍നായര്‍ എന്നാ സംവിധായകന്‍ 1964 ‘കറുത്തകൈകളിലൂടെ ‘ പതിച്ചു നല്‍കിയത്…അതിലെ ഖാദര്‍ എന്ന വില്ലന്‍ വേഷം പ്രേക്ഷകമനസ്സുകളില്‍  ക്രൂരതയുടെ പര്യായമായി എഴുതിചേര്‍ത്തപ്പോള്‍  അദ്ദേഹം അത്തരത്തില്‍ വേഷങ്ങളിലേക്ക് അറിയാതെ ചേക്കേറുകയായിരുന്നു…..നഖങ്ങള്‍,മറുനാട്ടിലൊരു മലയാളി,കാട്ടുമല്ലിക,തെമ്മാടി വേലപ്പന്‍,റസ്റ്റ്‌ ഹൌസ് തുടങ്ങി പഞ്ചവന്‍ കാട് വരെയുള്ള മൂന്നോറോളം സിനിമകളില്‍ വലിയ മാറ്റമില്ലാതെ ചെറുതും വലുതുമായ വേഷങ്ങള്‍ …..ഒരു നടന്‍ എന്ന നിലയില്‍ അങ്ങനെ തുടര്‍ന്ന് പോകുമ്പോള്‍ ഒരു വഴിമാറലിന് വേദിയൊരുക്കിയത് പില്‍ക്കാലത്ത് അദ്ദേഹത്തെകൊണ്ട് വ്യത്യസ്ത ഹാസ്യവേഷങ്ങള്‍ ചെയ്യിച്ച സുഹൃത്തും സംവിധായകനുമായ സത്യന്‍ അന്തിക്കാട്‌തന്നെയാണ്….83 ല്‍ പുറത്തിറങ്ങിയ മണ്ടന്‍മാര്‍ ലണ്ടനില്‍ എന്ന സിനിമയില്‍ കൂടിയായിരുന്നു അത്……………..അതിനുമുന്‍പിറങ്ങിയ’ കിന്നാരം’ എന്ന ചിത്രത്തില്‍ ഒരു നേരിയ ഹാസ്യ സൂചന അദ്ദേഹം നല്‍കിയിരുന്നു…
തുടര്‍ന്ന് അങ്ങോട്ട്‌ മലയാളി ഓര്‍ത്ത് ചിരിക്കുന്ന നിരവധി വേഷങ്ങള്‍…ഇന്നത്തെ കാലത്ത് മലയാള സിനിമയില്‍ വില്ലന്മാര്‍ ഹാസ്യവേഷങ്ങളിലേക്ക് വരുന്നത് അല്‍പ്പം ദുര്‍ഘടം പിടിച്ച പണിയാണ്….. മുന്പ് ബാബുരാജും,ഹനീഫിക്കയുമൊക്കെ  സൂക്ഷ്മതയോടെ കൈ വെച്ചപ്പോള്‍ അനയാസതയുടെ പറവൂര്‍ ഭരതന്‍ ടച്ച് അവരിലൊക്കെ ആത്മവിശ്വാസം പകര്‍തിയിരിക്കണം..അതേ….അങ്ങനെയൊരു ഏടായിരുന്നു അത്..മുന്‍കാലങ്ങളില്‍ ആളുകളെ ഏറ്റവും കൂടുതല്‍ പേടിപ്പിച്ചിട്ടുള്ള പറവൂര്‍ ഭരതന്‍ തന്നെയാണ് പില്‍ക്കാലത്ത് ഏറ്റവും വ്യത്യസ്തമായി പേടി അഭിനയിച്ചിരുന്നത് എന്ന് എത്ര കൌതുകമുള്ളകാര്യമാണ്…അതിഭാവുകത്വത്തിന്റെ ഒരു ലാഞ്ചന പോലും ആ അഭിനയത്തില്‍ നമ്മള്‍ പ്രേക്ഷകര്‍ കണ്ടില്ല………
ആദ്യമായി കോമഡി ഡബ്ബ് ചെയ്യാന്‍ മെറിലാന്റ്‌ സ്റ്റുഡിയോയി എത്തിയ ഭാരതെട്ടന്‍റെ കഴിവില്‍ ശ്രീമതി അടൂര്‍ പങ്കജം സംശയം പ്രകടിപ്പിച്ചതായി വായിച്ചു കേട്ടിട്ടുണ്ട്….എന്നാല്‍ അത് വെറുമൊരു സംശയം മാത്രമായിരുന്നു എന്ന് ഡോ.പശുപതി, ഇന്‍ ഹരിഹര്‍ നഗര്‍, മേലെപ്പറമ്പില്‍ ആണ്‍വീട്, മൂക്കില്ലാരാജ്യത്ത്, ജൂനിയര്‍ മാണ്ട്രെക്ക് എന്നിവയിലൂടെയൊക്കെ കാലം തെളിയിച്ചു……
കുടുംബ  ജീവിതത്തില്‍ തന്റെ പ്രിയസഖിയായി ഒപ്പം കൂടിയത് പഴയകാല നാടക നടി തങ്കമണി ചേച്ചിയാണ്….പഴയൊരു നാടകത്തില്‍ ‘ചക്കരയായി’  ചേച്ചിയും പാലു’ എന്ന കഥാപാത്രമായി  ഭാരതെട്ടനും  ഒന്നിച്ചഭിനയിച്ചത് ശ്രേദ്ധിക്കപ്പെട്ടിരുന്നു..അതിനുശേഷം ചേച്ചി ഭരതേട്ടനെ ഈ  പേരിലാണ് വിളിച്ചു കൊണ്ടിരുന്നത് എന്ന് കെട്ടിട്ടുണ്ട്….പഴയകാല സിനിമചരിത്രങ്ങളില്‍ കുടുംബബന്ധങ്ങളുടെ ശിഥിലീകരണം ഒരു കേട്ട്കാഴ്ചയായിരുന്നുവെങ്കില്‍ അതിനൊക്കെ നേര്‍ വിപരീതമായിരുന്നു നാല് മക്കള്‍ അടങ്ങുന്ന ആ സന്തുഷ്ട  കുടുംബം….
പ്രേം നസീര്‍ മുതല്‍ ദിലീപ് ,കുഞ്ചാക്കോബോബന്‍ വരെയുള്ള പുതുതലമുറയില്‍ വരെ പറവൂര്‍ ഭരതന്‍ പല വേഷങ്ങളില്‍ നിറഞ്ഞാടി…അവസാനമായി പുറത്തിറങ്ങിയ ‘ചങ്ങാതികൂട്ടം’ എന്ന സിനിമയായിരുന്നു…..വാര്‍ധക്യ സഹജമായ അസുഖങ്ങളിലേക്ക് പിടി വീണതോടെയാണ്  അദ്ദേഹം ചിത്രങ്ങള്‍ കുറച്ചത്…മലയാളസിനിമയുടെ ‘പാരംബര്യസ്വത്തായ ‘അവഗണ   ഭരതേട്ടനോട് ചെയ്യാന്‍ ആര്‍ക്കും  കഴിയുമായിരുന്നില്ല…തിക്കുറിശ്ശിക്ക് ശേഷം മലയാള സിനിമയുടെ കാരണവര്‍ സ്ഥാനം വഹിച്ച അദ്ദേഹത്തിന്‍റെ കൈകളില്‍ നിന്നാണ് അംഗത്വഫീസായ പതിനായിരം വാങ്ങി ‘അമ്മ’ എന്ന സംഘടനയ്ക്ക് തുടക്കം കുറിക്കുന്നത്…. 2015  ഓഗസ്റ്റ് മാസം പതിനഞ്ചിനായിരുന്നു  അദ്ദേഹം അഭിനയിച്ച  മലയാളത്തിന്റെ ക്ലാസ്സിക് ചിത്രം  ‘ചെമ്മീനിന്റെ’    അമ്പതാം വാര്‍ഷികം.. ആ ദിവസം തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗവും….നമ്മെ വിട്ടുപിരിയുമ്പോള്‍ 86 വയസ്സായിരുന്നു…..വിധിയുടെ ആകസ്മികത…! അര്‍ഥങ്ങള്‍ പലതാവാം…
നൂറു നൂറു സവിശേഷതകള്‍ നിറഞ്ഞ അഭിനയചാതുര്യതയുടെ മകുടോദാഹരണങ്ങളായി നമ്മുടെ മനസ്സില്‍ വിളങ്ങി നില്‍ക്കുന്ന പ്രതിഭകള്‍ക്കൊപ്പമാണ് പറവൂര്‍ ഭരതന്റെ സ്ഥാനവും…മലയാളികള്‍ നിറഞ്ഞ മനസ്സോടെ നല്‍കിയ അംഗീകാരം കാലങ്ങള്‍ എത്ര കഴിഞ്ഞാലും ആ വ്യക്തിത്വത്തെ  കസവ് കരയണിയിച്ചു നിര്‍ത്തുമെന്നത് തീര്‍ച്ചയാണ്….!!
(ജനുവരി 16, 1929 – ഓഗസ്റ്റ് 18, 2015)

Back to top button
error: