ഭീഷണിപ്പെടുത്തിയിട്ടില്ല, കാണാന്‍ പോയത് സ്വപ്‌ന വിളിച്ചിട്ട്, വിശദീകരണവുമായി ഷാജ് കിരണ്‍
സ്വപ്നയുടെ അടുത്ത് നിന്ന് തന്നെ മാറ്റാന്‍ ആരൊക്കെയോ ആഗ്രഹിക്കുന്നു
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ആരോപണ വിധേയനായ ഷാജ് കിരണ്‍ രംഗത്ത്. സ്വപ്ന സുരേഷിനെ അറുപത് ദിവസമായിട്ട് അറിയാമെന്നും നിരന്തരമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ താന്‍ അവസാനമായി കാണുന്നത് ഒരു വാര്‍ത്താ സമ്മേളനത്തിലാണെന്നും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുമായി തനിക്ക് ബന്ധമില്ലെന്നും ഷാജ് കിരണ്‍ കൂട്ടിച്ചേത്തു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നല്‍കിയ മൊഴി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് തനിക്ക് ഭീഷണിയുണ്ടെന്നും മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് കിരണ്‍ എന്നായാളാണ് തന്നെ സമീപിച്ചതെന്നും സ്വപ്ന ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഷാജ് മാധ്യമങ്ങളോട് സംസാരിച്ചത്.
സ്ഥലക്കച്ചവടവുമായിട്ടാണ് സ്വപ്നയെ പരിചയപ്പെടുന്നത്. സരിത്തിനെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെ ‘പ്ലീസ് സേവ് മീ’ എന്ന് സ്വപ്ന നിലവിളിച്ചത് കൊണ്ടാണ് ഉച്ചയ്ക്ക് പാലക്കാട്ടേക്ക് പോയത്. എന്നാല്‍ മണ്ണുത്തി കഴിയുമ്പോഴാണ് വിജിലന്‍സ് ആണ് കൊണ്ടു പോകുന്നത് എന്ന് അറിഞ്ഞത്. അവിടെ എത്തിയപ്പോള്‍ തനിക്ക് ഫിറ്റ്സ് ഉണ്ടെന്നും അവിടെ ഇരിക്കണമെന്നും സ്വപ്ന പറഞ്ഞു. അതുകൊണ്ടാണ് സ്വപ്നയുടെ അടുത്ത് ഇരുന്നത്, സംസാരിച്ചത്. വൈകുന്നേരം ആറ് മണി വരെ അവിടെ ഉണ്ടായിരുന്നു.
164 മൊഴി കൊടുത്തതിന് ശേഷം സ്വപ്ന തന്നെ വന്ന് കണ്ടിരുന്നു. പറഞ്ഞ കാര്യത്തെക്കുറിച്ച് സ്വപ്നയോട് ചോദിച്ചിട്ടില്ല. സ്വപ്നയെ നേരിട്ട് കാണും. അവരുടെ വായില്‍ നിന്ന് കേള്‍ക്കണം. ഞാന്‍ അവരെ ഭീഷണിപ്പെടുത്തി, സിഎമ്മിന് വേണ്ടി സംസാരിച്ചു എന്ന് സ്വപ്ന പറഞ്ഞാല്‍ മതി എനിക്ക് കുഴപ്പമില്ല. എനിക്കറിയാവുന്ന സ്വപ്ന എനിക്കെതിരെ പറയില്ല. ഓഡിയോ ഉണ്ടെങ്കില്‍ അത് പുറത്തുവിടട്ടെ. ആരെങ്കിലും പറഞ്ഞ് പറയിപ്പിച്ചതാണോ എന്ന് സ്വപ്നയോട് ചോദിച്ചിരുന്നു. എന്നാല്‍ അങ്ങനെ അല്ലെന്നായിരുന്നു സരിത്തും സ്വപ്നയും പറഞ്ഞത്. പിന്നെ ഒന്നും ചോദിച്ചിട്ടില്ല. ഇപ്പോള്‍ സ്വപ്നയുടെ അടുത്ത് നിന്ന് തന്നെ മാറ്റാന്‍ ആരൊക്കെയോ ആഗ്രഹിക്കുന്നു. ശിവശങ്കറിനെ ടിവിയില്‍ അല്ലാതെ വേറെ എവിടയും കണ്ടിട്ടില്ല. ഈ പറഞ്ഞ ദിവസങ്ങളില്‍ സിപിഎം നേതാക്കളോ ശിവശങ്കറോ കോണ്‍ഗ്രസ് നേതാക്കളോ തന്നെ വിളിച്ചിട്ടുണ്ടെങ്കില്‍ ആരോപണങ്ങള്‍ എല്ലാം സമ്മതിക്കാം. സ്വപ്നയുടെ പക്കല്‍ ശബ്ദരേഖ ഉണ്ടെങ്കില്‍ അത് പുറത്തു വിടട്ടെ എന്നും അദ്ദേഹം പറഞ്ഞു.