ന്യൂഡൽഹി: റിസര്‍വ് ബാങ്ക് ഇറക്കുന്ന എല്ലാ നോട്ടുകളിലും പുഞ്ചിരിയോടെ ഇരിക്കുന്ന ഗാന്ധിജിയുടെ ചിത്രമാണ് ഉണ്ടായിരുന്നത്.എന്നാല്‍ ഇപ്പോഴിതാ ഗാന്ധിജിക്ക് ഒപ്പം രാജ്യത്തിന് ഏറെ സംഭാവനകള്‍ നല്കിയ മറ്റു ചില നേതാക്കളുടെ ചിത്രവും നോട്ടുകളില്‍ കൊണ്ടുവരാന്‍ ആര് ബി ഐ ആലോചിക്കുന്നതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ആദ്യമായി രവീന്ദ്രനാഥ ടാഗോറിന്റെയും, എപിജെ അബ്ദുള്‍ കലാമിന്റെയും ചിത്രങ്ങള്‍ നോട്ടുകളില്‍ ഉപയോഗിക്കുവാനാണ് ആര്‍ബിഐ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ദേശീയ ഗാനത്തിന്റെ രചയിതാവായ രവീന്ദ്രനാഥ ടാഗോറും ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയും മിസൈല്‍ മാന്‍ എന്ന നാമത്തില്‍ അറിയപ്പെടുന്ന എപിജെ അബ്ദുള്‍ കലാമും ഗാന്ധിയ്ക്കൊപ്പം രാജ്യത്തിന്റെ നോട്ടുകളില്‍ ഇടം നേടിയേക്കും.പുതിയ സീരീസ് ബാങ്ക് നോട്ടുകളിലാവും ഈ മാറ്റം ഉണ്ടാവുക.ഇതാദ്യമായാണ് മഹാത്മാഗാന്ധി ഒഴികെയുള്ള പ്രമുഖ വ്യക്തികളുടെ ചിത്രങ്ങള്‍ നോട്ടുകളില്‍ ഉപയോഗിക്കാന്‍ ആര്‍ബിഐ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിങ് കോര്പ്പറേഷന് ഓഫ് ഇന്ത്യയ്ക്ക് (എസ്പിഎംസിഐഎല്‍) ലഭിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.