KeralaNEWS

‘ആഭ്യന്തര മന്ത്രിക്കസേരയിൽ ഒരു വടിയെങ്കിലും കുത്തി വെക്കണം’; പിണറായിക്കെതിരെ കെ സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. ഭരണതലത്തില്‍ മുഖ്യമന്ത്രിക്ക് പിടിപ്പുകേടും കഴിവില്ലായ്മയുമാണെന്ന് കെ.സുധാകരന്‍ വിമര്‍ശിച്ചു. ഇടുക്കി പൂപ്പാറയില്‍ ഇതരസംസ്ഥാനക്കാരിയായ 15 വയസുകാരി ക്രൂര പീഡനത്തിനിരയായതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ രംഗത്തെത്തിയത്. നിങ്ങളുടെ പിടിപ്പുകേടിനും കഴിവില്ലായ്മക്കും ഇനിയുമെത്ര പെണ്‍ജീവനുകള്‍ ബലിയാടാകണമെന്ന് സുധാകരന്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെപിസിസി അധ്യക്ഷന്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പ്രതികരണം നടത്തിയത്. കേരളത്തിന്റെ ആഭ്യന്തര മന്ത്രിക്കസേരയിൽ ഒരു വടിയെങ്കിലും കുത്തി വെക്കാൻ ഞങ്ങൾ മുന്നേ പറഞ്ഞിരുന്നു. ഇന്നലെ നടന്ന സംഭവത്തോട് കൂടി പിണറായി സർക്കാരിനെ പരിഹസിക്കാൻ പോലും അറപ്പ് തോന്നിപ്പോകുന്നു. താങ്കളും ഒരു പെൺകുട്ടിയുടെ അച്ഛനല്ലേ പിണറായി വിജയൻ ? ഇന്നലെ ഇടുക്കിയിൽ നടന്ന ദാരുണ സംഭവം, ഈ മണ്ണിൽ ജീവിക്കുന്ന ഓരോ രക്ഷിതാവിനെയും പേടിപ്പെടുത്തുന്നതാണ്. താങ്കളുടെ പിടിപ്പുകേടിനും കഴിവില്ലായ്മയ്ക്കും ഇനിയുമെത്ര പെൺജീവനുകൾ ബലിയാടാകണം മുഖ്യമന്ത്രി? കേരളത്തിലിന്നോളം കേട്ടുകേൾവിയില്ലാത്ത വിധം പെൺകുഞ്ഞുങ്ങൾ ക്രൂരപീഡനങ്ങൾക്ക് വിധേയമാകുമ്പോൾ നിങ്ങൾക്കാ കസേരയിൽ ഇരിക്കാൻ എങ്ങനെ മനസ്സ് വരുന്നു ?- സുധാകരന്‍ ചോദിക്കുന്നു.

Signature-ad

‘വാളയാറിലും പാലത്തായിയിലും തുടർന്നിങ്ങോട്ട് പ്രളയം പോലെ നടന്നു വരുന്ന ഓരോ സംഭവങ്ങളും തെളിയിക്കുന്നുണ്ട് എത്രമാത്രം പരാജയമാണ് താങ്കളെന്ന്! എന്നിട്ടും ഒരുളുപ്പുമില്ലാതെ കേരളത്തിലെ രക്ഷിതാക്കൾക്കും അതിജീവിതമാർക്കും താങ്കൾ ‘ഉറപ്പ് ‘ കൊടുക്കുകയാണ്. വിശ്വസിച്ച് തിരഞ്ഞെടുത്ത ജനങ്ങളെ ഇത്ര നീചമായി പറഞ്ഞു പറ്റിക്കാൻ എങ്ങനെ സാധിക്കുന്നു? ധാർമികതയുടെ അർത്ഥം താങ്കളെ പറഞ്ഞു പഠിപ്പിക്കാൻ ജീവനിൽ പേടിയുള്ള സിപിഎമ്മുകാർ മുതിരില്ല. അതുകൊണ്ട് ആഭ്യന്തര മന്ത്രിസ്ഥാനം സ്വയം രാജി വെച്ചൊഴിയാൻ താങ്കൾ തന്നെ തയ്യാറാകണം- കെപിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

ഇടുക്കിയിലെ 15കാരി കുഞ്ഞിന് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ അപലപിക്കുന്നു. മുൻകാലങ്ങളിലെ പോലെ, കുറ്റക്കരെ സംരക്ഷിക്കാൻ പിണറായി വിജയനെ അനുവദിക്കില്ല എന്ന് ആ കുഞ്ഞിന്റെ രക്ഷിതാക്കൾക്ക് ഞങ്ങൾ വാക്ക് നൽകുന്നു.ഈ കേസിലും പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചാൽ അതിശക്തമായ പ്രതിഷേധങ്ങളെ നേരിടാൻ സർക്കാർ തയ്യാറെടുത്തുകൊള്ളൂ- സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

ഞായറാഴ്ച വൈകിട്ടാണ് ഇടുക്കി പൂപ്പാറയിൽ ഇതരസംസ്ഥാനക്കാരിയായ 15 വയസുകാരിക്ക് നേരെ ബലാത്സംഗ ശ്രമം നടന്നത്. വൈകുന്നേരം ആൺ സുഹൃത്തിനൊപ്പം പെൺകുട്ടി പൂപ്പാറയിലെ എത്തിയപ്പോഴാണ് സംഭവം. ഇവിടെ വച്ച് സുഹൃത്ത് മദ്യപിച്ചു. ഈ സമയം സ്ഥലത്തെത്തിയ പ്രതികൾ പെണ്‍കുട്ടിയുടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ മർദിക്കുകയും തുടർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതും. പതിനഞ്ചുകാരി ബഹളം വച്ചതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. കേസില്‍ ആറ് പേരെ പൂപ്പാറ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Back to top button
error: