CrimeNEWS

ഒമാനിലെ ജയിലുകളിൽ കഴിയുന്ന ആയിരത്തിലേറെ തടവുകാരെ മോചിപ്പിക്കും

മസ്‍കത്ത്: ഒമാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന 1035 പേർക്ക് മോചനത്തിനുള്ള വഴി തെളിഞ്ഞു. ഒമാൻ ലോയേഴ്‍സ് അസോസിയേഷന്റെ ‘ഫാക് കുർബാ’ പദ്ധതിയുടെ ഒൻപതാം പതിപ്പിന്റെ ഭാഗമായി രാജ്യത്തെ ജയിലുകളിൽ കഴിയുന്ന 1035 പേർക്കാണ് മോചനം സാധ്യമാകുന്നത്. സാമ്പത്തിക ബാധ്യതകളിൽ അകപ്പെട്ട് രാജ്യത്തെ ജയിലുകളിൽ കഴിഞ്ഞുവന്നിരുന്നവർക്കാണ് ഈ ആനുകൂല്യം ലഭിച്ചിരിക്കുന്നത്.

തെക്കൻ അൽ ബാത്തിന ഗവര്‍ണറേറ്റില്‍ 117 പേരും വടക്കൻ അൽ ബാത്തിന ഗവര്‍ണറേറ്റില്‍ 194 പേരും അൽ ദൈഖിലിയ ഗവർണറേറ്റിൽ 78 പേരും മസ്‌കറ്റ് ഗവർണറേറ്റിൽ 209 പേരും അൽ ബുറൈമി ഗവർണറേറ്റിൽ 98 പേരും, തെക്കൻ ശർഖിയയിൽ നിന്നും 148 പേരും , ദോഫാറിൽ നിന്നും 72 പേരും, ദാഹരിയ ഗവര്‍ണറേറ്റിൽ നിന്നും 57 പേരും, വടക്കൻ ശർഖിയയിൽ നിന്നും 49 പേരും ,മുസാന്ദം ഗവര്‍ണറേറ്റിൽ നിന്നും 9 പേരും , അൽ വുസ്റ്റ ഗവര്‍ണറേറ്റിൽ നിന്നും 4 പേരുമാണ് ജയിൽ മോചിതരാവുന്നത്. സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിൽ പരാജയപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നവർക്ക്‌ ഒരു അവസരം കൂടി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഫാക് കുര്‍ബ’ പദ്ധതിക്ക് ഒമാൻ ലോയേഴ്‍സ് അസോസിയേഷൻ രൂപം നല്‍കിയത്.

Signature-ad

ഒമാനിലെ നൂറിലധികം അഭിഭാഷകരാണ് ഫാക് കുർബാ പദ്ധതിക്കായി സന്നദ്ധ സേവനം നടത്തിവരുന്നത്. ഒമാൻ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ സഹകരണത്തിൽ ഒമാനി ലോയേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 2012 മുതൽ നടത്തിവരുന്ന ഈ പദ്ധതിയിലൂടെ അനവധി പേര്‍ത്ത് ഇതിനോടകം ജയിൽ മോചനം ലഭിച്ചു കഴിഞ്ഞു.

Back to top button
error: