ന്യൂഡൽഹി: ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് രാജ്യാന്തര ഇന്ത്യൻ ഫിലിം അക്കാദമി (ഐഐഎഫ്എ) അവാർഡ് ദാനചടങ്ങിൽ പങ്കെടുക്കാനായി അബുദാബിയിലേക്ക് പോകാൻ ഡല്‍ഹി കോടതി അനുമതി നൽകി. ജാക്വലിനെതിരായ ലുക്ക് ഔട്ട് നോട്ടിസ് സസ്പെൻഡ് ചെയ്ത കോടതി, മേയ് 31 മുതൽ ജൂൺ 6 വരെയാണ് അബുദാബിയിലേക്ക് പോകാനുള്ള അനുമതി നൽകിയത്.
കുപ്രസിദ്ധ കുറ്റവാളി സുകാഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടി രൂപയുടെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നടി ഇന്ത്യ വിടുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിലക്കിയിരുന്നു. ഇതേത്തുടർന്ന്, ഐഐഎഫ്എ അവാർഡ് ദാനചടങ്ങിൽ പങ്കെടുക്കാൻ അബുദാബിയിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജാക്വലിൻ ഡൽഹി കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, അബുദാബിയിൽ താമസിക്കുന്ന ഹോട്ടലിനെക്കുറിച്ചുള്ള വിശദാംശങ്ങളും യാത്രാവിവരങ്ങളും അധികാരികൾക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു. തിരിച്ചെത്തിയ വിവരം അന്വേഷണ ഏജൻസിയെ അറിയിക്കണം. ജാമ്യമായി 50 ലക്ഷം രൂപ കെട്ടിവയ്ക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബറിൽ, ഇഡി പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടിസിന്റെ അടിസ്ഥാനത്തിൽ മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ അധികൃതർ ജാക്വലിനെ രാജ്യത്തിന് പുറത്തേക്ക് പോകുന്നത് തടഞ്ഞിരുന്നു. അടുത്തിടെ ജാക്വിലിന്റെ 7.27 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഡൽഹിയിലെ വ്യവസായിയുടെ ഭാര്യയിൽ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ച് ജാക്വലിൻ ഫെർണാണ്ടസിന് കോടികളുടെ സമ്മാനങ്ങൾ സുകാഷ് ചന്ദ്രശേഖർ അയച്ചുകൊടുത്തുവെന്നാണ് കേസ്.