CrimeNEWS

‘കൃത്യമായ പരിശോധന നടന്നില്ല; റിയ ചക്രവർത്തിക്കെതിരായ ലഹരിക്കേസും പുനരന്വേഷിക്കണം’

മുംബൈ: ലഹരിവിരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ബോളിവുഡ് താരം റിയ ചക്രവർത്തി പ്രതിയായ ലഹരിക്കേസിലും സമാനമായ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകൻ സതീഷ് മനേഷിൻഡെ. ആര്യൻ ഖാൻ കേസിൽ സതീഷ്, ആര്യനു വേണ്ടി വാദിച്ചിരുന്നു. റിയയുടെ അഭിഭാഷകനും സതീഷാണ്. സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണം സംബന്ധിച്ച കേസിലും ലഹരിക്കേസിലും റിയയെ അറസ്റ്റ് ചെയ്തിരുന്നു.

‘ആര്യൻ കേസിൽ സംഭവിച്ചതിന് സമാനമായി റിയയുടെ കേസിലും അന്വേഷണം നടത്തണം. കൃത്യമായ പരിശോധന നടന്നില്ല, ലഹരി സാന്നിധ്യം കണ്ടെത്തിയതുമില്ല. കഴിഞ്ഞ മൂന്നു വർഷമായി നർക്കോട്ടിക്സ് കൺട്രോൾ ബ്യുറോ നിരവധി ആൾക്കാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നു. ആര്യൻ ഖാൻ കേസ് തെളിയിച്ചതും അതാണ്. ആർക്കെതിരെയും കള്ളക്കേസുകൾ ഉണ്ടാക്കാം. റിയ ചക്രവർത്തിയുടെ കാര്യത്തിലും പുതിയ അന്വേഷണം തുടങ്ങേണ്ടത് അനിവാര്യമാണ്.

ആര്യൻ ഖാന്റെ കേസ് പിൻവലിച്ച നടപടി ഷാറുഖ് കുടുംബത്തിനും വലിയ ആശ്വാസമാണ്. അവർ ഒരുപാട് അനുഭവിച്ചു. പൊലീസിനും മറ്റു നിയമനിർവഹണ ഏജൻസികൾക്കും അധികാരം ദുരുപയോഗം ചെയ്യാനുള്ള ശക്തി എന്താണെന്ന് എല്ലാവർക്കുമറിയുന്നതാണ്. ഇത്തരം സംഭവങ്ങളിൽ പ്രധാനമന്ത്രി ഇടപെടണം എന്നാണ് എന്റെ അഭ്യർഥന. -സതീഷ് മനേഷിൻഡെ കൂട്ടിച്ചേർത്തു.

Back to top button
error: