തൃശൂര്‍: വനിതാ പൊലീസുകാരായ 25 മലയാളികൾ കശ്മീര്‍ താഴ്വരയില് ഒത്തുകൂടി സൗഹൃദം പുതുക്കി. തൃശൂര്‍ പൊലീസ് അക്കാദമിയിലെ 2003 ബാച്ചിലെ 25 വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാരാണ് തങ്ങളുടെ ഒത്തുചേരല്‍ വ്യത്യസ്തമാക്കാന്‍ കാശ്മീരില്‍ എത്തിയത്. പത്ത് ദിവസം ഇവിടെ ഉല്ലാസ യാത്ര നടത്തി അടിച്ചു പൊളിച്ച് മടങ്ങാനാണ് ഈ വനിതാ സംഘത്തിന്റെ തീരുമാനം. കോട്ടയം ഉള്‍പ്പെടെ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള വനിത പൊലീസുകാരാണ് സംഘത്തിലുള്ളത്.
പൊലീസ് പരിശീലനം ലഭിച്ച് പലവഴിക്ക് പിരിഞ്ഞ ഇവര്‍ 19 വര്‍ഷത്തിനു ശേഷമാണ് ഒത്തുകൂടുന്നത്. കൊല്ലം, മലപ്പുറം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നുള്ളവവരാണ് സംഘത്തിലുള്ളത്. പരിശീലനം കഴിഞ്ഞ് അക്കാദമിയില്‍ നിന്നു പുറത്തിറങ്ങിയ ശേഷം പലർക്കും വിവിധ സ്ഥലങ്ങളില്‍ ജോലി ലഭിച്ചു.
പിന്നീട് പരസ്പരം കണ്ടു മുട്ടിയവര്‍ പോലും ചുരുക്കം. അങ്ങനെയാണ് കൂട്ടായ്മയെക്കുറിച്ച് ആലോചിച്ചത്. അപ്പോള്‍ വ്യത്യസ്ത അനുഭവമാക്കണം അതെന്നും തീരുമാറ്റച്ചു.
രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിനു വന്‍ പ്രാധാന്യം നല്കി ബോധവല്‍ക്കരണം നടക്കുന്നു. അപ്പോള്‍ വനിതാ കൂട്ടായ്മയുടെ വേറിട്ട സന്ദേശം നല്‍കാനാണ് ഒത്തുചേരലും യാത്രയും കൊണ്ട് ഉദ്ദേശിക്കുന്നതെന്നു സംഘാംഗങ്ങൾ പറഞ്ഞു. കുടുംബത്തെ ഒപ്പം കൂട്ടാതെയാണ് യാത്ര. വിമാനത്തിലാണ് ഇവിടെയെത്തിയത്. ഇവരില്‍ പലരും ആദ്യമായാണ് വിമാനത്തില്‍ യാത്ര ചെയ്യുന്നതെന്ന കൗതുകവും ഇതിനു പിന്നിലുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എല്ലാവരും ഒന്നിച്ചു. അവിടെ നിന്നു ഡല്‍ഹി വഴി ശ്രീനഗറിലേക്ക്. ദാല്‍ലേക്ക്, അവന്തിപുര, പഹല്‍ഗം തുടങ്ങിയ സ്ഥലങ്ങളിലും മറ്റും കറങ്ങി ഡല്‍ഹി വഴി നെടുമ്പാശേരിയല്‍ തിരികെയെത്തും