മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് (വെള്ളി) നടക്കും. വൈകീട്ട് നാലിന് വെട്ടിക്കെട്ട് നടത്താനായിരുന്നു ആദ്യ തീരുമാനമെങ്കിലും ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപായി നടത്തും. മഴ ഇല്ലാത്ത സാഹചര്യത്തിലാണ് വെടിക്കെട്ട് നേരത്തേയാക്കുന്നത്. നാല് മണി എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന സമയം. മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് വെടിക്കെട്ട് ഉച്ചയ്ക്ക് നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തമ്മിൽ ധാരണയായിട്ടുണ്ട്.
ഇന്നലെ ഉച്ച കഴിഞ്ഞത് മുതൽ മഴയൊഴിഞ്ഞതിലുള്ള സന്തോഷത്തിലും പ്രതീക്ഷയിലുമാണ് പൂര നഗരി. പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് മഴ കാരണം മൂന്ന് തവണയായി മാറ്റി വെച്ച് ഒടുവിൽ ഇന്ന് പൊട്ടിക്കാൻ കാത്തിരിക്കുന്നത്. പൂരം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് വെടിക്കെട്ട് നടത്താൻ കഴിയുന്നത്. പകൽപ്പൂരം കഴിഞ്ഞ് അന്ന് രാത്രിയിൽ പൊട്ടിക്കാനാണ് തീരുമാനിച്ചത്. അന്നും മഴ പെയ്തതോടെ അടുത്ത ദിവസത്തേക്ക് തീരുമാനിച്ചു. പിന്നീട് ശനിയാഴ്ച വൈകീട്ട് പൊട്ടിക്കാൻ തീരുമാനിച്ചു. പ്രതികൂല കാലസ്ഥ മൂലം ഇതും മാറ്റിവെയ്ക്കേണ്ടി വന്നു. ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച തിരുവമ്പാടിയുടെ വെടിമരുന്ന് പുരക്ക് സമീപം പടക്കം പൊട്ടിച്ചത് സുരക്ഷാപ്രശ്നവും ഉയർത്തിയിരുന്നു. വൻ സ്ഫോടക വസ്തുശേഖരം നഗരത്തിൽ സൂക്ഷിച്ചിരിക്കുന്നതിലെ ഗൗരവം പൊലീസ് ജില്ലാ ഭരണകൂടത്തെ അറിയിച്ചതനുസരിച്ച് സുരക്ഷയും കൂട്ടിയിരുന്നു. ബാരിക്കേഡും പത്തോളം പൊലീസുകാരും റവന്യു ഉദ്യോഗസ്ഥരും ദേവസ്വം ജീവനക്കാരുമടക്കമാണ് വെടിമരുന്ന് മാഗസീനുകൾക്ക് കാവലുള്ളത്.
പൂരം നാളിൽ വെടിക്കെട്ടിന് സ്വരാജ് റൗണ്ടിൽ പ്രവേശനം വിലക്കിയിരുന്നു. പക്ഷേ ഇനി അതിന്റെ ആവശ്യമില്ലെന്നാണ് വിലയിരുത്തൽ. പൂരത്തിന് വരുന്ന ജനക്കൂട്ടം പകൽ നേരത്തെ നടക്കുന്ന വെടിക്കെട്ടിന് എത്താനിടയില്ലെന്നും വലിയ സുരക്ഷാ പ്രശ്നമില്ലെന്നും അനുമാനിക്കുന്നു. അങ്ങനെയെങ്കിൽ സ്വരാജ് റൗണ്ടിന്റെ ഒരു ഭാഗമൊഴികെയുള്ളിടത്ത് ജനങ്ങൾക്ക് വെടിക്കെട്ട് കാണാൻ അനുവദിച്ചേക്കും. വെടിക്കെട്ട് കാണാൻ സ്വരാജ് റൗണ്ടിൽ നിൽക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഭാരതീയ നാഷണൽ ജനതാദൾ ജില്ലാ പ്രസിഡണ്ട് മനോജ് ചിറ്റിലപ്പിള്ളി അഡ്വ.ബേബി പി ആന്റണി മുഖേന കലക്ടർക്ക് പൊതുതാൽപര്യ ഹർജി നൽകി. പ്രവേശനമനുവദിക്കാതിരിക്കുന്നത് തൃശൂരിലെ പൊതുജനങ്ങളോട് കാണിക്കുന്ന അവഗണനയും അവഹേളനവും അനീതിയുമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.