KeralaNEWS

ഗുരുവായൂരിലെ പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടിലെ മോഷണം, കള്ളന്‍ കാണാമറയത്ത് തന്നെ

ഗുരുവായൂരിലെ പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടിൽ മോഷണം നടത്തിയ കള്ളന്‍ കാണാമറയത്ത് തന്നെ. മോഷണം നടന്ന് നാല് ദിവസമായിട്ടും മോഷ്ടാവിനെകുറിച്ച് പോലീസിന് തുമ്പൊന്നും ലഭിച്ചില്ല. തമ്പുരാന്‍പടി കുരഞ്ഞിയൂര്‍ വീട്ടില്‍ അശ്വതിയില്‍ ബാലന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന 371 പവനും രണ്ട് ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. വീട്ടുവളപ്പിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞ ദൃശ്യം മാത്രമാണ് പോലീസിന് ലഭിച്ച തുമ്പ്. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചിട്ടില്ല. പോലീസ് മൂന്ന് സ്‌ക്വാഡുകളായി തിരിച്ച് ജില്ലക്കകത്തും പുറത്തും അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ പുരോഗതിയില്ല. പാലക്കാട് സമാന രീതിയില്‍ മോഷണം നടന്ന സ്ഥലത്തെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സമാനത കണ്ടെത്താനായില്ല. സംസ്ഥാനത്ത് മോഷ്ടാക്കളുടെ വിവരങ്ങളും സമാന മോഷണങ്ങളും കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് ശേഖരിക്കുന്നുണ്ട്. സൈബര്‍സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്

കസ്റ്റംസും പരിശോധനയ്ക്കെത്തി

Signature-ad

ഇത്രയധികം സ്വർണം സൂക്ഷിച്ചതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി കസ്റ്റംസ് ഉദ്യോഗസ്ഥർ ബാലന്റെ വീട്ടിലെത്തി. ഇദ്ദേഹത്തെപ്പറ്റി ഗുരുവായൂർ സ്റ്റേഷനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് സംഘം വീട്ടിൽ ചെന്നത്. ഇത്രയും സ്വർണം എത്രകാലത്തിനുള്ളിലാണ് വീട്ടിലേക്ക് കൊണ്ടുവന്നത്‌ എന്നതടക്കമുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥർ അന്വേഷിച്ചറിഞ്ഞു. അലമാരയിൽ തരംതിരിച്ച് സൂക്ഷിച്ചിരുന്ന സ്വർണത്തോടൊപ്പം അതിന്റെ രേഖകളുണ്ടെന്നും അതടക്കമാണ് മോഷ്ടാവ് കൊണ്ടുപോയതെന്നും ബാലൻ കസ്റ്റംസിനെ അറിയിച്ചു.

വീടിനകത്തെ സ്വീകരണമുറിയിൽ മയിലിന്റെ മനോഹരമായൊരു ശില്പമുണ്ട്. അത് 60 ഗ്രാം സ്വർണത്തിൽ പൊതിഞ്ഞതാണ്. ഇതും കസ്റ്റംസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വിരലടയാളങ്ങൾപോലും അവശേഷിപ്പിച്ചില്ല

കവർച്ച നടന്ന വീട്ടിലെ വാതിലുകൾ, അലമാര, ഗ്രില്ലുകൾ, മോഷ്ടാവ് ചാടിവന്ന മതിൽ, കുളിമുറിക്കു മുന്നിൽനിന്ന് ഊരിയെടുത്ത ബൾബ്, വാതിലിന്റെ പൂട്ടുപൊളിച്ച ഭാഗം തുടങ്ങിയവയൊക്കെ ശാസ്ത്രീയാന്വേഷണവിദഗ്‌ധരും വിരലടയാള ഉദ്യോഗസ്ഥരും വിശദമായി പരിശോധിച്ചിരുന്നു.

പക്ഷേ, എവിടെയും വിരലടയാളം സംബന്ധിച്ച കൃത്യമായ സൂചനകൾ കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. മോഷ്ടാവ് ഗ്ലൗസോ മറ്റോ ധരിച്ചിരിക്കണം. രാത്രി 7.20-നും 8.30-നുമിടയിലെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും വലിയ കവർച്ച നടത്തണമെങ്കിൽ മോഷ്ടാവ് ഈ രംഗത്ത് വൈദഗ്‌ധ്യമുള്ളയാളാകണമെന്നാണ് പോലീസിന്റെ അനുമാനം.

Back to top button
error: