ഇന്ത്യയിലെ ഹൈ-എന്‍ഡ് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ വീണ്ടും മുന്നേറ്റവുമായി ഐക്കണിക് അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഹാര്‍ലി-ഡേവിഡ്സണ്. ഹീറോ മോട്ടോകോര്‍പ്പുമായുള്ള പങ്കാളിത്തത്തോടെ ഈ സെഗ്മെന്റില്‍ വീണ്ടും ഒന്നാമനായിരിക്കുകയാണ് ഹാര്‍ലി-ഡേവിഡ്സണ്. കോവിഡ് പ്രതിസന്ധികള്‍ക്കിടെയും ഹാര്‍ലി-ഡേവിഡ്സണ് 1,000 സിസിക്ക് മുകളിലുള്ള സെഗ്മെന്റില്‍ ഏറ്റവും മികച്ച വില്‍പ്പനക്കാരനായി ഉയര്‍ന്നു. 2022 സാമ്പത്തിക വര്‍ഷം ഈ വിഭാഗത്തിലെ ഹാര്‍ലി-ഡേവിഡ്സണിന്റെ വിപണി പങ്കാളിത്തം 37 ശതമാനമാണ്. 2021 സാമ്പത്തിക വര്‍ഷം ഇത് 27 ശതമാനമായിരുന്നു.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ ഡാറ്റ അനുസരിച്ച്, 2022 സാമ്പത്തിക വര്‍ഷത്തില്‍ ഹീറോ മോട്ടോകോര്‍പ്പ് മൊത്തം 601 ഹാര്‍ലി-ഡേവിഡ്സണ് മോട്ടോര്‍സൈക്കിളുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. അതില്‍ 531 യൂണിറ്റുകളും 1,000 സിസിക്ക് മുകളിലുള്ള സെഗ്മെന്റിലുള്ളവയാണ്. വിറ്റഴിക്കപ്പെട്ടവയില്‍ കൂടുതലും പാന്‍ അമേരിക്ക 1250 സ്പെഷ്യല്‍, സ്പോര്‍ട്സ്റ്റര്‍ എസ് മോട്ടോര്‍സൈക്കിളുകളാണ്. അതേസമയം, 2021 സാമ്പത്തിക വര്‍ഷത്തില്‍ ഹാര്‍ലി ഡേവിഡ്സണ് മോട്ടോര്‍സൈക്കിളുകളുടെ 206 യൂണിറ്റുകള്‍ മാത്രമാണ് രാജ്യത്ത് വിറ്റത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം, 1000 സിസിക്ക് മുകളിലുള്ള വിഭാഗത്തില്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ 336 യൂണിറ്റുകളും ഇന്ത്യ കവാസാക്കി മോട്ടോര്‍സ് 283 യൂണിറ്റുകളും സുസുക്കി മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ 233 യൂണിറ്റുകളും ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യ 71 യൂണിറ്റുകളുമാണ് വിറ്റഴിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയിലെ ഹാര്‍ലി-ഡേവിഡ്സണ് ബ്രാന്‍ഡിന്റെ വില്‍പ്പനയുടെയും വിതരണത്തിന്റെയും ചുമതലയും ഏറ്റെടുത്തത്. പിന്നാലെ ഹീറോ മോട്ടോകോര്‍പ്പ് ഹാര്‍ലി-ഡേവിഡ്സണിന്റെ വിതരണ ശൃംഖല രാജ്യത്തുടനീളമുള്ള 13 സമ്പൂര്‍ണ ഡീലര്‍ഷിപ്പുകളിലേക്കും 10 അംഗീകൃത സേവന കേന്ദ്രങ്ങളിലേക്കും വിപുലീകരിച്ചു.