കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി, ക്വട്ടേഷൻ നൽകിയതനുസരിച്ച് പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ അടങ്ങിയ, നടൻ ദിലീപിന്റെ ഫോൺ മുൻ ഭാര്യ മഞ്ജു വാരിയർ ആലുവാപ്പുഴയിലേക്കു വലിച്ചെറിഞ്ഞതായി സാക്ഷിമൊഴി. മൊഴികളുടെ വസ്തുത ബോധ്യപ്പെടാൻ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഫോൺ പുഴയിലെറിഞ്ഞ സംഭവം മഞ്ജു വാരിയർ സമ്മതിച്ചാൽ അതു കേസന്വേഷണത്തിൽ വഴിത്തിരിവാകും.
പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയുടെ കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നതായും ഇവ കണ്ട മഞ്ജു വാരിയർ ദേഷ്യത്തോടെ ഫോൺ വീടിനടുത്തുള്ള പുഴയിലേക്ക് വലിച്ചെറിഞ്ഞെന്നുമാണു സാക്ഷിമൊഴി.
ഫോണിൽ കണ്ട കാര്യങ്ങളുടെ വസ്തുത ബോധ്യപ്പെടാൻ സിനിമാരംഗത്തെ പലരെയും മഞ്ജു നേരിൽ കണ്ടു സംസാരിച്ചതായും അക്രമിക്കപ്പെട്ട നടി മാത്രമാണു വസ്തുതകൾ തുറന്നു പറഞ്ഞതെന്നും സാക്ഷിമൊഴിയിലുണ്ട്. ഇതോടെയാണു ദിലീപിന് നടിയോടു കടുത്ത വൈരാഗ്യം തോന്നിയതെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ മഞ്ജു വാരിയർ നടി കാവ്യ മാധവന്റെ അടുത്ത ബന്ധുവിനെ ഫോണിൽ വിളിച്ചു സംസാരിച്ചതിന്റെ തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു. മഞ്ജു വിളിച്ചു സംസാരിച്ച കാര്യം കാവ്യയുടെ ബന്ധു നിഷേധിച്ചിട്ടില്ല.
ഇതിനിടെ കേസുമായി ബന്ധപ്പെട്ടു നടി കാവ്യ മാധവന്റെ ബാങ്ക് ലോക്കർ കഴിഞ്ഞ ദിവസം അന്വേഷണ സംഘം തുറന്നു പരിശോധിച്ചിരുന്നു. ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കറാണ് പൊലീസ് പരിശോധിച്ചത്. നടിയെ പീഡിപ്പിച്ച സംഭവത്തിനു ശേഷം കേസിലെ പ്രതി ദിലീപിന്റെ നിർദേശപ്രകാരം കാവ്യ മാധവന്റെ പേരിൽ തുറന്ന ലോക്കറാണു പരിശോധിച്ചതെന്നു ബാങ്ക് ജീവനക്കാർ സ്ഥിരീകരിച്ചു.
രാവിലെയും വൈകിട്ടുമായി രണ്ടു പൊലീസ് സംഘങ്ങളാണു ബാങ്കിലെത്തി പരിശോധന നടത്തിയത്. ലോക്കറിൽ നിന്ന് എന്താണു ലഭിച്ചതെന്നു അന്വേഷണ സംഘം വെളിപ്പെടുത്തിയില്ല. കാവ്യ മാധവനെ ചോദ്യം ചെയ്ത ശേഷമാണു അന്വേഷണ സംഘം ബാങ്ക് ലോക്കർ പരിശോധിച്ചത്.
ബാങ്കിലെ രേഖകൾ പ്രകാരം ഒരിക്കൽ മാത്രമാണു കാവ്യ മാധവൻ ബാങ്കിലെത്തി ലോക്കർ തുറന്നിട്ടുള്ളത്. നടിയെ പീഡിപ്പിച്ച സംഭവം കഴിഞ്ഞ് ഒന്നരമാസത്തിനു ശേഷമാണു ലോക്കർ തുറന്നത്.
കാവ്യയും പ്രതിയാകുമോ?
ചോദ്യം ചെയ്തെങ്കിലും കാവ്യയെ പ്രതിയാക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. സാക്ഷിയെന്ന നിലയിലാണ് മൊഴി രേഖപ്പെടുത്തിയത്. കാവ്യയുടെ മൊഴി പരിശോധിച്ചശേഷമാകും തുടർ തീരുമാനമെടുക്കുക. ശക്തമായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രം പ്രതിയാക്കിയാൽ മതിയെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം. അല്ലെങ്കിൽ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അവസാനഘട്ടത്തിൽ എത്തി നിൽക്കേ ദിലീപിനെതിരെ നിരത്തിയ തെളിവുകൾ പോലും പാളിപ്പോകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ കരുതലോടെയാകും മുന്നോട്ടുളള നീക്കങ്ങൾ
ഒരിക്കൽകൂടി കാവ്യാമാധവനെ ചോദ്യം ചെയ്യാനാണ് നിലവിലെ ആലോചന. അത് തങ്ങൾക്കുകൂടി അനുയോജ്യമായ സ്ഥലത്ത് ആയിരിക്കണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം. ഈ മാസം 30ന് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ തുടർ നടപടികളും വേഗത്തിലായിരിക്കും