സമ്മാനം വാങ്ങാൻ പെൺകുട്ടിയെ വേദിയിലേക്കു ക്ഷണിച്ചതിനു സംഘാടകരെ ശകാരിച്ച സമസ്ത നേതാവ് എം.ടി. അബ്ദുള്ള മുസ്‌ലിയാർക്കെതിരേ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി മാത്യു ടി. തോമസ്. ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിലൂടെയാണ് അദ്ദേഹം പെൺകുട്ടിക്ക് പിന്തുണ അറിയിച്ചത്.
കഴിഞ്ഞ ദിവസം സമസ്തയുടെ സ്കൂളിലെ കുട്ടികൾക്കു സമ്മാനം നൽകുന്ന വേദിയിലാണ് പെൺകുട്ടിയെ വേദിയിൽ വിളിച്ചു സമ്മാനം നൽകിയതിനെ സമസ്ത നേതാവ് പരസ്യമായി വിമർശിച്ചത്.
പെൺകുട്ടി സമ്മാനം വാങ്ങാൻ വേദിയിൽ നിൽക്കവേയായിരുന്നു സംഘാടകരോടു സമസ്ത നേതാവ് തട്ടിക്കയറിയത്. പതിനാറു വയസുള്ള പെൺകുട്ടിയെ ആരോടു ചോദിച്ചാണ് വേദിയിലേക്കു വിളിച്ചതെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. ആവശ്യമെങ്കിൽ പെൺകുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു സർട്ടിഫിക്കറ്റ് കൊടുക്കണമായിരുന്നെന്നും അദ്ദേഹം നിർദേശിച്ചു.
അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
“കഷ്ടം! സമ്മാനം സ്വീകരിക്കുന്നതിനു വേദിയിലേക്ക് പെൺകുട്ടിയെ ക്ഷണിച്ചതിനു സംഘാടകർക്കു മേൽ മതനിഷ്ഠകളുടെ മറവിൽ ശകാരങ്ങൾ വർഷിക്കുന്ന ദൃശ്യങ്ങൾ ഇന്നത്തെ വാർത്തകളിൽ കാണാനിടയായി. പഠന മികവിന് സമ്മാനിതയായത് 16 വയസുകാരി പെൺകുട്ടി യായിപ്പോയത് കൊണ്ട് ഇത്ര മ്ലച്ഛത്തരം പാടുണ്ടോ?
ലിംഗ സമത്വം, തുല്യനീതി ഭരണഘടനാതത്വങ്ങൾ അവിടെ നിൽക്കട്ടെ. ആ കുഞ്ഞു മനസിനെ വേദനിപ്പിച്ചില്ലേ? ആ അപരാധത്തിനു മതത്തിന്‍റെ സംരക്ഷണമോ? മതബോധനങ്ങളുടെ ദുർവ്യാഖ്യാനം എന്നു കരുതിക്കോട്ടെ.
മകളെ പൊറുക്കൂ ഞങ്ങളോട്
മറക്കൂ ഇന്നെന്ന കറുത്ത ദിനത്തെ
വെല്ലുവിളിയായി ഈ സംഭവം മാറട്ടെ
നീ മിടുക്കിയായി വളരണം
ഒന്നും നിന്നെ തളർത്താതിരിക്കട്ടെ
നീ നിന്ദിതയല്ല, ആവരുത്
ഇന്നു നിനക്ക് ഈ വേദന സമ്മാനിച്ച ഞങ്ങൾ നിന്നെ നമിക്കുന്ന ദിനമുണ്ടാകും, തീർച്ച. ”