പെണ്‍കുട്ടികളെ വേദിയില്‍ കയറ്റരുതെന്ന സമസ്ത നേതാവിന്റെ പരാമര്‍ശത്തില്‍ വിവാദം പുകയുന്നു. പെണ്‍കുട്ടികളെ ഇത്തരത്തില്‍ അപമാനിക്കുന്നത് സമുദായത്തിന് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം നിലപാടെടുക്കുമ്പോള്‍ , MT അബ്ദുല്ല മുസ്ല്യാര്‍ക്ക് പിന്തുണയുമായി മറ്റൊരു വിഭാഗവും രംഗത്തുണ്ട്.മലപ്പുറം രാമപുരത്തെ ചടങ്ങിലാണ് , വേദിയില്‍ പെണ്‍കുട്ടി വന്നതിനെതിരെ സമസ്ത ജോയിന്റ് സെക്രട്ടറിയും, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ എം.ടി.അബ്ദുള്ള മുസ്ലിയാരുടെ ഇടപെടലുണ്ടായത്.
ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിമര്‍ശനങ്ങളുയര്‍ന്നു. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നു കടന്നുപോകേണ്ടി വരുന്നവര്‍, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമുണ്ടാകുമെന്ന് മുന്‍ MSF ഹരിത നേതാവ് ഫാത്തിമ തഹ്ലിയ ഫേസ് ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു .അബ്ദുല്ല മുസ്ല്യാരെ പിന്തുണച്ചും പോസ്റ്റുകളെത്തി. അബ്ദുല്ല മുസ്ല്യാര്‍ക്കെതിരായ വിമര്‍ശനം ഇസ്ലാമോഫോബിയ ആണെന്നും, മതവിരോധികളും, അരാജക വാദികളും നടത്തിയ വിപ്ലവം കൊണ്ടല്ല മുസ്ലിം പെണ്‍കുട്ടികളുടെ പുരോഗമനം സാധ്യമായതെന്നും MT അബ്ദുല്ല മുസ്ല്യാരെ ന്യായീകരിച് MSF സംസ്ഥാന പ്രസിഡന്റ് പികെ നവാസ് പ്രതികരിച്ചു.
വിവാദങ്ങള്‍ അവഗണിക്കണമെന്നും, അത് ചിലര്‍ക്ക് രസമാണെന്നും, സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം ളിയാഉദ്ദീന്‍ ഫൈസിയും ഫേസ് ബുക്കില്‍ കുറിച്ചു. വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.